Home Sports Football ഫ്രാന്‍സ് ദേശീയ ടീമിന്റെ അടുത്ത പരിശീലകനാകാൻ സിനദിന്‍ സിദാൻ

ഫ്രാന്‍സ് ദേശീയ ടീമിന്റെ അടുത്ത പരിശീലകനാകാൻ സിനദിന്‍ സിദാൻ

Advertisement

ലോക ഫുട്ബോൾ ഇതിഹാസ താരം സിനദിന്‍ സിദാൻ ഫ്രാന്‍സ് ദേശീയ ടീമിന്റെ അടുത്ത പരിശീലകനായി സ്ഥാനമേല്‍ക്കുന്നു. ഈ വര്‍ഷം അരങ്ങേറുന്ന ലോകകപ്പിനു ശേഷം മുന്‍ നായകന്‍ കൂടിയായ ദിദിയര്‍ ദെഷാംപ്‌സ് കോച്ചിന്റെ സ്ഥാനമൊഴിയും. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി സിദാന്‍ ഫ്രഞ്ച് ഡഗൗട്ടിലെത്തും. പരിശീകനാകുന്നത് സംബന്ധിച്ച് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനും സിദാനും തമ്മില്‍ വാക്കാല്‍ കരാറിലെത്തിയതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

1998ല്‍ ദെഷാംപ്‌സ് നായകനായി ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ ടീമിലെ നിര്‍ണായക താരമായിരുന്നു സിദാന്‍. 1998ലെ ബാല്ലണ്‍ ഡി ഓര്‍ ജേതാവ് കൂടിയാണ് മുന്‍ റയല്‍ മാഡ്രിഡ് ഇതിഹാസ താരമായ സിദാന്‍. റയലിന്റെ പരിശീലകനായി വെട്ടിത്തിളങ്ങി പടിയിറങ്ങിയ സിദാന്‍ പിന്നീട് മറ്റൊരു ടീമിനേയും പരിശീലിപ്പിച്ചിട്ടില്ല. റയലിനൊപ്പം ഹാട്രിക്ക് ചാംപ്യന്‍സ് ലീഗ് കിരീടമെന്ന അനുപമ റെക്കോര്‍ഡും സ്ഥാപിച്ചാണ് ഇതിഹാസം നീണ്ട ഇടവേളയിലേക്ക് കടന്നത്.

2021ലാണ് റയലിന്റെ ഡഗൗട്ടില്‍ നിന്നു സിദാന്‍ മടങ്ങിയത്. ഈ അഞ്ച് വർഷത്തിനിടെ യൂറോപ്പിലെ എണ്ണം പറഞ്ഞ ഫുട്ബോൾ ക്ലബുകളും പല ദേശീയ ടീമുകളും സിദാനെ പരിശീകനായി എത്തിക്കാൻ കിണഞ്ഞു ശ്രമിച്ചിരുന്നു. എന്നാൽ ഫ്രാൻസിന്റെ പരിശീലക സ്ഥാനത്തേക്കായിരിക്കും തിരിച്ചു വരവെന്നു അദ്ദേഹം ഉറപ്പിച്ചിരുന്നു.

Advertisement