ക്രിക്കറ്റില്‍ നാം പലതരം ബൗളിങ് ആക്ഷനുകള്‍ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ ആരും ലോക ക്രിക്കറ്റില്‍ കണ്ടിട്ടില്ലാത്തൊരു ബൗളിങ് ആക്ഷനാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ഒരു സ്പിന്നറുടെ ആക്ഷനാണ് ആരാധകരെ അദ്ഭുതപ്പെടുത്തുന്നത്.
ഒരു ഡാന്‍സറെ പോലെ ആക്ഷന്‍ കാണിച്ച് ബൗളിങിനെത്തുന്ന താരം ബാറ്ററെ അടിമുടി ആശയക്കുഴപ്പത്തിലാക്കിയാണ് പന്തെറിയുന്നത്. ഇടം കൈയന്‍ സ്പിന്നറെ പോലെ റണ്‍ അപ്പ് ചെയ്തു വന്നു ആക്ഷനു തൊട്ടുമുന്‍പ് പന്ത് വലതു കൈയിലേക്ക് മാറ്റിയാണ് ബൗളര്‍ പന്ത് തൊടുത്തത്. ഇതോടെ ആശയക്കുഴപ്പത്തിലായ ബാറ്റര്‍ ക്രീസില്‍ നിന്നു ഇറങ്ങി ഷോട്ട് അടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് താരം ഔട്ടായി.
വിഡിയോ അതിവേഗമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. പിന്നാലെ രസകരമായ കമന്റുകളും വന്നു. എവിടെ നടക്കുന്ന പോരാട്ടത്തിലാണ് ഈ ബൗളിങെന്നും ആരാണ് താരമെന്നും എന്നതു സംബന്ധിച്ചു നിലവില്‍ വിവരങ്ങളൊന്നും വന്നിട്ടില്ല.































