ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ തുടക്കം; സഞ്ജുവിന് അവസരങ്ങള്‍ ലഭ്യമാക്കിയിരുന്നുവെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്

Advertisement

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകും. അഞ്ച് മത്സരങ്ങളാണുള്ളത്. ഇന്ത്യന്‍ ടീമിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മറുപടി നല്‍കി. അടുത്ത വര്‍ഷം ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പ് മുന്നോടിയായുള്ള ട്വന്റി20 മത്സരങ്ങളിലാണ് നടക്കുന്നതെന്നും പരുക്കിനെ തുടര്‍ന്നു വിശ്രമത്തിലായിരുന്ന ശുഭ്മാന്‍ ഗില്ലും ഹാര്‍ദിക് പാണ്ഡ്യയും തിരിച്ചെത്തിയതോടെ ടീമില്‍ ഇനി അധികം പരീക്ഷണങ്ങള്‍ക്കു സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

മലയാളി കൂടിയായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന് പകരം ഗില്‍ കളിക്കാന്‍ കാരണം അദ്ദേഹം ആ സ്ഥാനം അര്‍ഹിച്ചിരുന്നതിലാണെന്ന് സൂര്യകുമാര്‍ പറഞ്ഞു. പക്ഷേ സഞ്ജുവിന് അവസരങ്ങള്‍ ലഭ്യമാക്കി. ഓപ്പണര്‍ എന്ന നിലയില്‍ സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഗില്ലും സഞ്ജുവും ഞങ്ങളുടെ പദ്ധതികളുടെ ഭാഗമാണ്. രണ്ടുപേര്‍ക്കും ഒന്നിലധികം റോളുകള്‍ ചെയ്യാന്‍ കഴിയും. നിലവില്‍ സഞ്ജു മൂന്നാം നമ്പറിലോ അഞ്ചാം നമ്പറിലോ ആണ് ബാറ്റ് ചെയ്യുന്നത്. ഏത് നമ്പറില്‍ ബാറ്റ് ചെയ്യാനും അദ്ദേഹം തയ്യാറാണ്. ട്വന്റി 20 ഫോര്‍മാറ്റില്‍ മൂന്ന് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുന്നവര്‍ക്ക് നിശ്ചിത സ്ഥാനമില്ല. ഏതു പൊസിഷനിലും കളിക്കാന്‍ പൊരുത്തപ്പെടണമെന്നും സൂര്യകുമാര്‍ പറഞ്ഞു.

സയ്യിദ് മുഷ്താഖ് അലി ട്വന്റി20യില്‍ മികച്ച പ്രകടനം നടത്തിയാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ എത്തുന്നത്. പരമ്പരയില്‍ കളിക്കാന്‍ അവസരം ലഭിക്കുമോ എന്നതില്‍ ഉറപ്പില്ല. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ശുഭ്മാന്‍ ഗില്‍ തന്നെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. മൂന്നാം സ്ഥാനത്ത് സൂര്യകുമാറും നാലാമതായി തിലക് വര്‍മയും എത്തും. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയും ടീമിലുള്ളതിനാല്‍ സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here