വിശാഖപട്ടണത്ത് മത്സരം പൊടിമാറും… ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം നാളെ

Advertisement

ടെസ്റ്റ് ക്രിക്കറ്റിലെ തകർച്ചയിൽ നിന്ന് കരകയറാൻ ഇന്ത്യയും ഇന്ത്യൻ മണ്ണിൽ ഏകദിന പരമ്പരകൂടി നേടി ചരിത്രം സൃഷ്ടിക്കാൻ ദക്ഷിണാഫ്രിക്കയും കച്ചകെട്ടുമ്പോൾ നാളെ വിശാഖപട്ടണത്തെ മത്സരം പൊടിമാറും. മൂന്ന് മത്സര പരമ്പരയിൽ ഒരോ ജയം വീതം നേടിയ ഇരു ടീമുകളും നാളെ കളത്തിലിറങ്ങുന്നത് പരമ്പര നേട്ടമെന്ന ലക്ഷ്യത്തോടെയാണ്. വിശാഖപട്ടണത്ത് ഉച്ചക്ക് 1.30നാണ് മത്സരം.


രണ്ട് ഏകദിനത്തിലും സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ പ്രതീക്ഷ. മുൻ നായകൻ മികച്ച ഫോമിലേക്ക് ഉയർന്നതോടെ മൂന്നാം ഏകദിനത്തിന്റെ ടിക്കറ്റുകൾ എല്ലാം ഇതിനോടകം വിറ്റുതീർന്നു. പരമ്പരയിൽ രണ്ടു മത്സരങ്ങളിൽ നിന്ന് 118.50 ശരാശരിയിൽ 237 റൺസുമായി കോഹ്‍ലിയാണ് റൺവേട്ടയിൽ ഒന്നാമൻ. വിശാഖപട്ടണത്ത് മുമ്പ് ഏഴ് മത്സരങ്ങൾ കളിച്ചപ്പോൾ മൂന്നിലും കോഹ‍ലി സെഞ്ചുറി നേടിയിരുന്നു. ഒരു തവണ 99 റൺസിനും പുറത്തായി.


രണ്ടു മത്സരത്തിലും അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ കെ എൽ രാഹുലും കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ ഋതുരാജ്‌ ഗെയ്‌ക്ക്‌വാദും ഫോമിലാണ്. ഓപ്പണറായി ഇറങ്ങി രോഹിതും അതിവേഗം സ്കോർ ചലിപ്പിക്കുന്നു. രണ്ട് മത്സരത്തിലും ഇന്ത്യൻ സ്കോർ മുന്നൂറ് കടന്നെങ്കിലും വലിയ സ്‌കോറുകൾ വരെ പ്രതിരോധിക്കാൻ ഇന്ത്യൻ ബൗളിംഗ് നിരക്ക് കഴിയുന്നില്ല. ആദ്യ മത്സരത്തിൽ 349 റൺസ് അടിച്ചെങ്കിലും 17 റൺസിനാണ് ഇന്ത്യ ജയിച്ചത്. രണ്ടാം ഏകദിനത്തിൽ 358 റൺസ് നേടിയിട്ടും ദക്ഷിണാഫ്രിക്ക 49.2 ഓവറിൽ ലക്ഷ്യം മറികടന്നു.

ടെസ്‌റ്റ്‌ പരമ്പര നേട്ടമാണ്‌ ദക്ഷിണാഫ്രിക്കയുടെ ഉ‍ൗർജം. ആദ്യ കളിയിൽ പൊരുതി വീണ ടീം രണ്ടാം മത്സരത്തിൽ കരുത്ത് കാട്ടി. സെഞ്ചുറി നേട്ടവുമായി തിളങ്ങിയ ഓപ്പണർ എയ്‌ദൻ മാർക്രം, രണ്ട് മത്സരത്തിലും ഇന്ത്യന്‍ ബോളിങ് നിരയെ അടിച്ചു പറത്തിയ കോർബിൻ ബോഷ്‌ ഉൾപ്പടെയുള്ളവർ ഫോമിൽ തുടരുന്നത് ടീമിന് വിജയപ്രതീക്ഷ നൽകുന്നു. ക്യാപ്‌റ്റൻ ടെംബ ബവുമയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ വീണ്ടുമൊരു പരമ്പര നേട്ടമാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here