ഇന്ത്യയുടെ റണ്‍ അടിസ്ഥാനത്തിലെ ഏറ്റവും വലിയ തോല്‍വി

Advertisement

ഗുവാഹത്തിയില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം മത്സരത്തില്‍ 408 റണ്‍സിന് ദക്ഷിണാഫ്രിക്ക വിജയിച്ചു. 549 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 140 റണ്‍സില്‍ ഓള്‍ഔട്ടായി. ഇന്ത്യയുടെ റണ്‍ അടിസ്ഥാനത്തിലെ ഏറ്റവും വലിയ തോല്‍വിയാണിത്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 30 റണ്‍സിന് ജയിച്ചിരുന്നു. ദക്ഷിണാഫ്രിക്ക ആദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ ഒരു സമ്പൂര്‍ പരമ്പര വിജയം സ്വന്തമാക്കുന്നത്.
അഞ്ചാം ദിനമായ ബുധനാഴ്ച പ്രതിരോധിച്ചുനിന്നിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് തോല്‍വിയെങ്കിലും ഒഴിവാക്കി സമനില കൊണ്ട് തൃപ്തിപ്പെടാമായിരുന്നു. പക്ഷേ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പിടിച്ചുനില്‍ക്കാനാകാതെ കുഴങ്ങി. അര്‍ധ സെഞ്ചറി നേടിയ രവീന്ദ്ര ജഡേജ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ കുറച്ചെങ്കിലും പൊരുതിയത്. 87 പന്തുകള്‍ നേരിട്ട ജഡേജ 54 റണ്‍സെടുത്തു പുറത്തായി.
കുല്‍ദീപ് യാദവ് (38 പന്തില്‍ അഞ്ച്), ധ്രുവ് ജുറേല്‍ (മൂന്ന് പന്തില്‍ രണ്ട്), ഋഷഭ് പന്ത് (16 പന്തില്‍ 13), സായ് സുദര്‍ശന്‍ (139 പന്തില്‍ 14), വാഷിങ്ടന്‍ സുന്ദര്‍ (44 പന്തില്‍ 16), നിതീഷ് കുമാര്‍ റെഡ്ഡി (പൂജ്യം), മുഹമ്മദ് സിറാജ് (പൂജ്യം) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനങ്ങള്‍. അവസാന ദിനം കളി തുടങ്ങിയതിനു പിന്നാലെ കുല്‍ദീപ് യാദവിനെ സ്പിന്നര്‍ സിമോണ്‍ ഹാര്‍മര്‍ ബോള്‍ഡാക്കി. ധ്രുവ് ജുറേല്‍ വീണ്ടും നിരാശപ്പെടുത്തി. ഹാര്‍മറിന്റെ പന്തില്‍ മാര്‍ക്രം ക്യാച്ചെടുത്താണ് ജുറേല്‍ മടങ്ങിയത്. ഒരു സിക്‌സും ഫോറും നേടിയ ഋഷഭ് പന്തും അതേ രീതിയില്‍ പുറത്തായി.

Advertisement