ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാണംകെട്ട തോല്‍വി; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും ഇന്ത്യക്ക് തിരിച്ചടി

Advertisement

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ നാണംകെട്ട തോല്‍വി ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും തിരിച്ചടിയായി പ്രതിഫലിച്ചു. പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. ഓസ്ട്രേലിയയാണ് തലപ്പത്ത്. ഇന്ത്യയെ വീഴ്ത്തി ജയം സ്വന്തമാക്കിയ നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്‍മാര്‍ കൂടിയായ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്ക് കയറി.
എട്ട് മത്സരങ്ങളില്‍ നിന്നു നാല് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യയ്ക്കുള്ളത്. 54.67 ശതമാനം പോയിന്റുമായാണ് ഇന്ത്യ നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. മൂന്ന് ടെസ്റ്റില്‍ നിന്നു രണ്ട് ജയവും ഒരു തോല്‍വിയുമുള്ള ദക്ഷിണാഫ്രിക്ക 66.67 ശതമാനം പോയിന്റുമായാണ് രണ്ടാമത് നില്‍ക്കുന്നത്. ശ്രീലങ്കയാണ് മൂന്നാമത്. അവര്‍ക്കും 66.67 ശതമാനം പോയിന്റ്. ഓസീസ് കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചാണ് പട്ടികയില്‍ തലപ്പത്ത് നില്‍ക്കുന്നത്. 100 ശതമാനം പോയിന്റാണ് അവര്‍ക്ക്.
കൊല്‍ക്കത്തയില്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് ഇന്ത്യയ്ക്കു നേരിടേണ്ടി വന്നത്. സ്പിന്‍ പിച്ചൊരുക്കി ന്യൂസിലന്‍ഡിനെ വീഴ്ത്താന്‍ തുനിഞ്ഞ് മൂന്ന് ടെസ്റ്റും തോറ്റുപോയ ഇന്ത്യ ആ പരാജയത്തില്‍ നിന്നു പാഠം പഠിച്ചില്ല. സ്പിന്‍ പിച്ചില്‍ ഇന്ത്യ തന്നെ കറങ്ങി വീഴുന്ന കാഴ്ചയായിരുന്നു കൊല്‍ക്കത്തയില്‍.
ആദ്യ ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ സിമോണ്‍ ഹാര്‍മറാണ് ഇന്ത്യയെ വീഴ്ത്തുന്നതില്‍ മുന്നില്‍ നിന്നത്. 30 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ അറിഞ്ഞത്. 124 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ വെറും 93 റണ്‍സില്‍ ഓള്‍ ഔട്ടായി. 100 പോലും തികയ്ക്കാതെ, ഒന്നാം ഇന്നിങ്‌സില്‍ ലീഡെടുത്തിട്ടും ഇന്ത്യ തോറ്റു. ശുഭ്മാന്‍ ഗില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ആയതിനാല്‍ 10 പേരുമായാണ് ഇന്ത്യയ്ക്ക് ബാറ്റ് ചെയ്യേണ്ടി വന്നത്. 9 വിക്കറ്റുകള്‍ വീണതോടെ ഇന്ത്യ കീഴടങ്ങി.
ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് വെറും 159 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ചത്. പക്ഷേ ഇന്ത്യക്കും സ്‌കോര്‍ 200 കടത്താനായില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 189 റണ്‍സില്‍ അവസാനിച്ചു. 30 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് നേടാനായത്. ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിങ്‌സില്‍ 153 റണ്‍സില്‍ പുറത്താക്കാനും ഇന്ത്യയ്ക്കായി. എന്നാല്‍ തിരക്കഥ മറ്റൊന്നായിരുന്നു കൊല്‍ക്കത്തയില്‍.

Advertisement