ന്യൂഡല്‍ഹി : പ്രൊഫഷണല്‍ ടെന്നിസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ സൂപ്പര്‍ താരം രോഹന്‍ ബൊപ്പണ്ണ. ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ നാല് ഇന്ത്യക്കാരില്‍ ഒരാളായ ബൊപ്പണ്ണ ശനിയാഴ്ചയാണ് തന്റെ രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിന് വിരാമമിടുന്നതായി പ്രഖ്യാപിച്ചത്. പാരീസ് മാസ്റ്റേഴ്സിലായിരുന്നു 45 കാരനായ ബൊപ്പണ്ണയുടെ അവസാന പ്രകടനം. കസാക്കിസ്ഥാന്റെ അലക്‌സാണ്ടര്‍ ബുബ്ലിക്കിനൊപ്പമുള്ള ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടു. ‘എ ഗുഡ്ബൈ… ബട്ട് നോട്ട് ദി എന്‍ഡ്’ എന്ന തലക്കെട്ടില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വൈകാരിക കുറിപ്പില്‍ തന്റെ ജന്മനാടായ കൂര്‍ഗില്‍ നിന്ന് ലോക ടെന്നീസിലേക്കുള്ള യാത്രയെപ്പറ്റി ബൊപ്പണ്ണ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് ചാംപ്യനായ ബൊപ്പണ്ണ പുരുഷ ഗ്രാന്‍സ്ലാമില്‍ ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം പാരീസ് ഒളിമ്പിക്സിനുശേഷം ബൊപ്പണ്ണ തന്റെ ഇന്ത്യന്‍ കരിയര്‍ അവസാനിപ്പിച്ചിരുന്നു. 2023 ല്‍ ലഖ്നൗവില്‍ മൊറോക്കോയ്ക്കെതിരായ അവസാന മത്സരം കളിച്ചപ്പോഴാണ് ഡേവിസ് കപ്പില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2000ത്തില്‍ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ച ബൊപ്പണ്ണ കരിയറില്‍, നിരവധി തവണ ഡേവിസ് കപ്പിലും ഗ്രാന്‍ഡ് സ്ലാം ഇവന്റുകളിലും ഒളിമ്പിക്‌സിലും ഇന്ത്യയിക്കായി കോര്‍ട്ടിലിറങ്ങി.
2017-ല്‍ കനേഡിയന്‍ താരം ഗബ്രിയേല ഡാബ്രോവ്സ്‌കിക്കൊപ്പം ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ വിജയിച്ച് തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം നേടി. 2024-ല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ മാത്യു എബ്ഡനുമായി ചേര്‍ന്ന് ആദ്യ പുരുഷ ഡബിള്‍സ് കിരീടവും നേടി. 2023ല്‍ എബ്ഡനുമായി ചേര്‍ന്ന് ഇന്ത്യന്‍ വെല്‍സ് ട്രോഫി നേടി. 2024-ല്‍ 43 വയസ്സുള്ളപ്പോള്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയതോടെ അദ്ദേഹം ഡബിള്‍സില്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഒന്നാം നമ്പര്‍ താരമായി മാറി.































