ഭോപാൽ : മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ നാല് പുതിയ ചീറ്റ കുഞ്ഞുങ്ങൾ ജനിച്ചു. സംരക്ഷിത വേലിക്കെട്ടുകളിലല്ലാതെ കാടിന്റെ സ്വാഭാവികതയിൽ ആദ്യമായാണ് ചീറ്റക്കുഞ്ഞുങ്ങൾ ജനിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഗാമിനിക്ക് പിറന്ന ഇന്ത്യൻ ചീറ്റയാണ് പ്രസവിച്ചത്. ഇതോടെ ‘പ്രോജക്ട് ചീറ്റ’ ഭാഗമായ ചീറ്റകളുടെ എണ്ണം 57ലെത്തി. കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവാണ് ഈ വാർത്ത പങ്കുവച്ചത്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നതായി അധികൃതർ അറിയിച്ചു. വിദഗ്ധരുടെ ഒരു സംഘം നിശ്ചിത അകലത്തിൽ ഇവരെ നിരീക്ഷിച്ചു വരികയാണ്.
2022ൽ ‘പ്രോജക്ട് ചീറ്റ’ ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് സംരക്ഷിത വേലിക്കെട്ടുകൾക്ക് പുറത്ത് ഒരു ചീറ്റ പ്രസവിക്കുന്നത്. ഇന്ത്യയിൽ ജനിച്ച ഒരു ചീറ്റ പ്രസവിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. 2025 നവംബറിൽ ‘മുഖി’ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു.
ഫെബ്രുവരിയിൽ ബോട്സ്വാനയിൽ നിന്ന് എത്തിച്ച ഒമ്പത് ചീറ്റകളെ ഒരു മാസത്തെ നിർബന്ധിത ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം വിശാലമായ ‘സോഫ്റ്റ് റിലീസ്’ സംരക്ഷിത മേഖലകളിലേക്ക് തുറന്നുവിട്ടതായി കുനോ ഫീൽഡ് ഡയറക്ടറും ‘പ്രോജക്ട് ചീറ്റ’ ഡയറക്ടറുമായ ഉത്തം കുമാർ ശർമ അറിയിച്ചു.
ഫെബ്രുവരി 28നാണ് ആറ് പെൺചീറ്റകളും മൂന്ന് ആൺചീറ്റകളും അടങ്ങുന്ന ഒമ്പതംഗ സംഘത്തെ ബോട്സ്വാനയിൽ നിന്ന് എത്തിച്ചത്. 2022 സെപ്റ്റംബറിൽ നമീബിയയിൽ നിന്നും 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും ചീറ്റകളെ എത്തിച്ചതിന് ശേഷം ഒരു ആഫ്രിക്കൻ രാജ്യത്ത് നിന്ന് ഇന്ത്യയിലേക്കുള്ള മൂന്നാമത്തെ കൈമാറ്റമായിരുന്നു ഇത്.
‘പ്രോജക്ട് ചീറ്റകയുടെ’ തുടക്കം മുതൽ ഇതുവരെ 21 ചീറ്റകൾക്ക് കുനോയിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിൽ വിദേശത്തുനിന്ന് എത്തിച്ച 9 മുതിർന്ന ചീറ്റകളും ഇന്ത്യയിൽ ജനിച്ച 12 കുഞ്ഞുങ്ങളും ഉൾപ്പെടുന്നു.
54 ചീറ്റകൾ കുനോ നാഷണൽ പാർക്കിലുണ്ട്. കൂടാതെ കഴിഞ്ഞ വർഷം മാറ്റിയ മൂന്ന് മുതിർന്ന ചീറ്റകൾ മധ്യപ്രദേശിലെ മന്ദ്‌സോർ, നീമുച്ച് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിൽ സ്വതന്ത്രമായി വിഹരിക്കുന്നുണ്ട്. നേരത്തെ 1952ലായിരുന്നു ഇന്ത്യയിൽ ചീറ്റകൾക്ക് ഔദ്യോഗികമായി വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചത്.































