ഇൻഡോർ:
മധ്യപ്രദേശിൽ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി വനിത ഉൾപ്പെടെ മൂന്നു കന്യാസ്ത്രീകളെയും കന്യാസ്ത്രീ പഠനം നടത്തുന്ന എട്ട് വിദ്യാർഥിനികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് റെയില്‍വേ പോലീസ്.മധ്യപ്രദേശിലെ ഇൻഡോർ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം. കസ്റ്റഡിയില്‍ എടുത്ത മൂന്ന് കന്യാസ്ത്രീമാരില്‍ ഒരാള്‍ മലയാളിയാണ്. കന്യാസ്ത്രീ പഠനം നടത്തുന്ന വിദ്യാർഥിനികളെ അവധിയ്ക്ക് വീട്ടിലേയ്ക്ക് പറഞ്ഞയക്കാൻ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം.
സ്റ്റേഷനില്‍ എത്തിയ ഉടനെ മനുഷ്യക്കടത്തിന് സാധ്യതയുള്ള തരത്തില്‍ ചില തെളിവുകളുണ്ടെന്ന് ആരോപിച്ച് കന്യാസ്ത്രീകളെ പോലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയില്‍ എടുക്കുകയും റെയില്‍വേ പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുകയുമായിരുന്നു.
ഉടനെ കൂട്ടത്തിലുണ്ടായിരുന്നു മലയാളി കന്യാസ്ത്രീ ഇൻഡോർ രൂപത മേലധികാരികളെ വിവരം അറിയിച്ചു. തുടർന്ന് ഇൻഡോർ രൂപത ബിഷപ് ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ രൂപത അധികൃതർ മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതോടെ ഒരു മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിനൊടുവില്‍ കന്യാസ്ത്രീകളെ വിട്ടയച്ചു. സിസ്റ്റേഴ്സ് ഓഫ് വിസിറ്റേഷൻ സഭ അംഗങ്ങളായ കന്യാസ്ത്രീകളാണ് അതിക്രമത്തിന് ഇരയായത്.






























