Home News Breaking News മൂക്കുകയർ മുറുക്കി ഡിജിസിഎ: യാത്രക്കാരുടെ സുരക്ഷ മുഖ്യമെന്ന് നിലപാട്; നോൺ ഷെഡ്യൂൾഡ് ഓപ്പറേറ്റർമാർക്ക് കർശന നിയന്ത്രണങ്ങൾ

മൂക്കുകയർ മുറുക്കി ഡിജിസിഎ: യാത്രക്കാരുടെ സുരക്ഷ മുഖ്യമെന്ന് നിലപാട്; നോൺ ഷെഡ്യൂൾഡ് ഓപ്പറേറ്റർമാർക്ക് കർശന നിയന്ത്രണങ്ങൾ

Advertisement

ന്യൂഡൽഹി: നോൺ ഷെഡ്യൂൾഡ് ഓപ്പറേറ്റർമാർക്ക് കർശന നിയന്ത്രണങ്ങളുമായി വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി സീറോ ടോളറൻസ് നയമാണ് സ്വീകരിക്കുന്നതെന്ന് ഇന്നലെ നോൺ ഷെഡ്യൂൾഡ് ഓപ്പറേറ്റർമാരുമായി നടത്തിയ ഉന്നത തല യോഗത്തിന് ശേഷം ഡിജിസിഎ വ്യക്തമാക്കി.

പുതിയ നിർദ്ദേശങ്ങൾ ഇവ

ഓരോ വിമാനത്തിന്റെയും പഴക്കം, അറ്റകുറ്റപ്പണികളുടെ വിശദമായ വിവരങ്ങൾ, പൈലറ്റുമാരുടെ പ്രവൃത്തിപരിചയം അടക്കം ഓപ്പറേറ്റർമാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. യാത്രക്കാർക്ക് തങ്ങൾ യാത്ര ചെയ്യുന്ന വിമാനത്തെക്കുറിച്ച് കൃത്യമായ ധാരണ നൽകാനാണ് ഈ നീക്കം.
ഓപ്പറേറ്റർമാരുടെ സുരക്ഷാ നിലവാരം വിലയിരുത്തി റാങ്കിംഗ് നൽകാൻ ഡിജിസിഎ തീരുമാനിച്ചു. ഈ റാങ്കിംഗ് ഡിജിസിഎ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. മികച്ച സേവനം തിരഞ്ഞെടുക്കാൻ യാത്രക്കാർക്ക് ഈ റാങ്കിംഗ് സഹായകരമാകുമെന്ന് ഡിജിസിഎ പറയുന്നു.

മോശം കാലാവസ്ഥയോ സുരക്ഷാ പ്രശ്നങ്ങളോ നേരിടുമ്പോൾ സർവീസ് റദ്ദാക്കുന്നതടക്കം പൈലറ്റിൻ്റെ അന്തിമ തീരുമാനത്തിന് വിധേയമാകും.
സുരക്ഷാ വീഴ്ചയുണ്ടായാൽ പൈലറ്റുമാരെ മാത്രം കുറ്റപ്പെടുത്തുന്ന രീതി ഇനി നടക്കില്ല. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരും മാനേജ്‌മെന്റും ഇതിന് ഉത്തരവാദികളായിരിക്കും.

വിമാനങ്ങളിലെ കോക്പിറ്റ് വോയ്‌സ് റെക്കോർഡറുകൾ ഇനി അടിക്കടി പരിശോധിക്കും.
നിയമങ്ങൾ ലംഘിക്കുന്ന പൈലറ്റുമാരുടെ ലൈസൻസ് 5 വർഷം വരെ റദ്ദാക്കും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഓപ്പറേറ്റർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും പിഴ ഈടാക്കാനും തീരുമാനം.
പഴയ വിമാനങ്ങളുടെയും ഉടമസ്ഥാവകാശം മാറുന്ന വിമാനങ്ങളുടെയും അറ്റകുറ്റപ്പണി ഡിജിസിഎ നേരിട്ട് പരിശോധിക്കും.

Advertisement