വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. ചിത്രം റിലീസ് ചെയ്യാൻ അനുമതി നൽകിയ വിധി സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി. U/A സർട്ടിഫിക്കറ്റ് നൽകാൻ നിർദേശിച്ചുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് താത്കാലികമായി സ്‌റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് മഹീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി.അരുൺ മുരുഗൻ എന്നിവരുടെ ബെഞ്ചാണ് സ്‌റ്റേ ഉത്തരവിട്ടത്.
സെന്‍സര്‍ ബോര്‍ഡിന്റെ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നടപടി. സെൻസർ സർട്ടിഫിക്കറ്റിൽ തീരുമാനമെടുക്കാൻ മതിയായ സമയം നൽകിയില്ലെന്ന് കാണിച്ചാണ് സ്റ്റേ അനുവദിച്ചത്. കേസ് പൊങ്കൽ അവധിക്കുശേഷം 21-നാണ് കോടതി വീണ്ടും പരിഗണിക്കുക. ഇതോടെ പൊങ്കൽ റിലീസായി ചിത്രം തിയേറ്ററിലെത്തില്ലെന്ന കാര്യം ഉറപ്പായി.
പോസ്റ്റ് പ്രൊഡക്ഷൻ ഉൾപ്പെടെ പൂർത്തിയാക്കി ചിത്രം ഒരു മാസം മുൻപ് സർട്ടിഫിക്കറ്റിനായി സമർപ്പിച്ചിരുന്നു. ഡിസംബർ 19 ന് സിബിഎഫ്സി അംഗങ്ങൾ ചിത്രം കാണുകയും ചില കട്ടുകൾ ഉൾപ്പെടെ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാറ്റങ്ങൾ വരുത്തി സമർപ്പിച്ചിട്ടും ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല.
അതേസമയം, ജനനായകന് പിന്നാലെ മറ്റൊരു പൊങ്കൽ റിലീസായ സുധ കൊങ്കരയുടെ ശിവകാർത്തികേയൻ നായകനാകനാവുന്ന പരാശക്തിയുടെ റിലീസിങ്ങും പ്രതിസന്ധിയിലായി. ചിത്രത്തിന് സെൻസർ ബോർഡ് 15 കട്ടുകൾ നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ അധിക്ഷേപസ്വഭാവമുള്ള രംഗങ്ങളിലും ഡയലോഗുകളിലുമാണ് സെൻസർ ബോർഡ് കട്ട് പറഞ്ഞത്.































