റാഞ്ചി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ നാല് തവണ പരാജയപ്പെട്ടതിന് പിന്നാലെ വ്യാജ ഐഎഎസ് ഉദ്യോഗസ്ഥനായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ജാര്‍ഖണ്ഡ് സ്വദേശി പിടിയില്‍. ഏഴ് വര്‍ഷത്തോളം ഉന്നത ഉദ്യോഗസ്ഥനായും യുപിഎസ്സി അധ്യാപകനായും വേഷമിട്ട് ജനങ്ങളെയും ഉദ്യോഗസ്ഥരെയും കബളിപ്പിച്ച പാങ്കജ് കുമാര്‍ ഗുപ്തയാണ് പൊലീസിന്റെ പിടിയിലായത്.
ചെറിയ പണമിടപാടുകള്‍ മുതല്‍ ഉന്നതതലത്തിലുള്ള ഇടപെടലുകള്‍ വരെ നടത്തിയിരുന്ന ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 2017 മുതലാണ് ഇയാള്‍ വ്യാജ ഐഎഎസ് ഉദ്യോഗസ്ഥനായി പൊതുരംഗത്ത് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.
തട്ടിപ്പിന്റെ രീതി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ടായിരുന്നു പാങ്കജിന്റെ പ്രധാന നീക്കങ്ങള്‍. ഉന്നത റാങ്ക് നേടിയ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ വിവിധ കോച്ചിംഗ് സെന്ററുകളില്‍ ക്ലാസുകള്‍ എടുത്തിരുന്നു.
കൂടാതെ സര്‍ക്കാര്‍ ഓഫീസുകളില്‍ സ്വാധീനം ചെലുത്തി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടുകയും ചെയ്തിരുന്നു. ഔദ്യോഗിക ചിഹ്നങ്ങളുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും രേഖകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു.
യുപിഎസ്സി സ്വപ്നം പാളിയതോടെ ഉണ്ടായ നിരാശയും പ്രതാപത്തോടുള്ള മോഹവുമാണ് ഇത്തരമൊരു തട്ടിപ്പിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ നാല് തവണ പരാജയം… പിന്നാലെ വ്യാജ ഐഎഎസ് ഉദ്യോഗസ്ഥനായി ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍
Advertisement
































