ബെംഗളൂരൂ: ഹോസകോട്ടയിലെ സുളുബലെയിൽ കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം. സാമ്പത്തിക പ്രയാസം നീങ്ങാനാണ് കുഞ്ഞിനെ ബലി കൊടുക്കാൻ ഒരുങ്ങിയതെന്നാണ് വിവരം. അയൽവാസികൾ വിവരം ചൈൽഡ് ലൈനെ അറിയിച്ചതിനെ തുടർന്ന് അധികൃതരെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി.
ജനത കോളനിയിലായിരുന്നു സംഭവം. സെയ്ദ് ഇമ്രാൻ എന്ന വ്യക്തിയുടെ വീട്ടിലാണ് കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം നടന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വില കൊടുത്തുവാങ്ങിയ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയാണ് ബലി കൊടുക്കാൻ ശ്രമിച്ചത്. വീട്ടിൽ ബലിത്തറ തയ്യാറാക്കി ബലിക്കുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് അധികൃതരെത്തി തടഞ്ഞ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
































