പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അയല്‍ക്കാരനെ മഴുകൊണ്ട് വെട്ടിക്കൊന്ന് 18 കാരി

Advertisement

പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അയല്‍ക്കാരനെ മഴുകൊണ്ട് വെട്ടിക്കൊന്ന് 18 കാരി. ഉത്തര്‍പ്രദേശിലെ ബന്ദയിലാണ് സംഭവം. ആത്മരക്ഷയ്ക്കായാണ് പെണ്‍കുട്ടി അക്രമിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിതാവ് മരിച്ചുപോയ പെണ്‍കുട്ടി തന്റെ അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ജനുവരി ഒന്നിന് മദ്യപിച്ചെത്തിയ അയല്‍വാസിയായ 45 കാരന്‍ വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. ഈ സമയം പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. വാതില്‍ അകത്തുനിന്ന് പൂട്ടിയ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെ സ്വയരക്ഷയ്ക്ക് വേണ്ടി കയ്യില്‍ കിട്ടിയ കോടാലി ഉപയോഗിച്ച് പെണ്‍കുട്ടി അക്രമിയെ പ്രതിരോധിക്കുകയായിരുന്നു. ഇയാളെ കൊലപ്പെടുത്തിയ ശേഷം പെണ്‍കുട്ടി അടുത്തുള്ള പൊലീസ് ഔട്ട്പോസ്റ്റില്‍ എത്തി കീഴടങ്ങുകയും ചെയ്തു.
പ്രാഥമിക അന്വേഷണത്തില്‍ കൊല്ലപ്പെട്ടയാള്‍ പെണ്‍കുട്ടിയുടെ അമ്മയെ കാണാന്‍ ഇടയ്ക്കിടെ വീട്ടിലെത്താറുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വ്യാഴാഴ്ച പെണ്‍കുട്ടിയുടെ അമ്മ ജോലിക്ക് പോയപ്പോളായിരുന്നു ബലാല്‍സംഗ ശ്രമമുണ്ടായത്. മരിച്ചയാളുടെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കുമെന്നും സ്വയരക്ഷയ്ക്കായാണ് പെണ്‍കുട്ടി ഇത് ചെയ്തതെന്ന് കോടതിയെ ബോധ്യപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here