ക്യാംപസില്‍ ലൈംഗികാതിക്രമത്തിനും റാഗിങിനും ഇരയായ പെണ്‍കുട്ടി മരിച്ചു

Advertisement

ഹിമാചല്‍ പ്രദേശില്‍ ക്യാംപസില്‍ ലൈംഗികാതിക്രമത്തിനും റാഗിങിനും ഇരയായ പെണ്‍കുട്ടി മരിച്ചു. ധരംശാലയിലെ സര്‍ക്കാര്‍ കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായിരുന്ന 19 കാരിയാണ് ചികില്‍സയിലിരിക്കെ ഡിസംബര്‍ 26ന് മരിച്ചത്. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കും കോളജിലെ പ്രൊഫസറിനുമെതിരെ റാഗിങ്, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയതായി പോലീസ് അറിയിച്ചു.
മരിക്കുന്നതിന് മുമ്പ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വിശദീകരിക്കുന്ന ഒരു വിഡിയോയും പെണ്‍കുട്ടി മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍, സെപ്റ്റംബര്‍ 18 ന് ഹര്‍ഷിത, അകൃതി, കൊമോളിക എന്നീ മൂന്ന് വിദ്യാര്‍ഥിനികള്‍ തന്റെ മകളെ ക്രൂരമായി റാഗ് ചെയ്യുകയും പുറത്തുപറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയതായും പറയുന്നു. റാഗിങ് മാത്രമല്ല, കോളജിലെ പ്രൊഫസര്‍ പെണ്‍കുട്ടിയെ മാനസികവും ലൈംഗികവുമായി പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.
മര്‍ദ്ദനത്തെയും പീഡനത്തെയും തുടര്‍ന്ന് ഒന്നിലധികം ആശുപത്രികളില്‍ പെണ്‍കുട്ടിയുമായി കുടുംബം ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ലുധിയാനയിലെ ദയാനന്ദ് മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയതായിരുന്നു. ഡിഎംസിയില്‍ ചികിത്സയിലിരിക്കെ ഡിസംബര്‍ 26നാണ് പെണ്‍കുട്ടിയുടെ മരണം. ഡിസംബര്‍ 20 ന് പൊലീസിലും മുഖ്യമന്ത്രിയുടെ ഹെല്‍പ്പ് ലൈനിലും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പെണ്‍കുട്ടിുടെ പിതാവ് പറഞ്ഞു.
സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെ റാഗിങ് നിരോധന നിയമപ്രകാരം കേസ് എടുത്ത പൊലീസ് പ്രൊഫസര്‍ക്കെതിരെ കൂടുതല്‍ ആരോപണം ഉയര്‍ന്നതോടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി അറിയിച്ചു. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here