ന്യൂഡൽഹി: ഉന്നാവ് കേസിൽ സിബിഐ ഉദ്യോഗസ്ഥർ കുൽദീപ് സെൻഗാറുമായി ഒത്തുകളിച്ചെന്ന ആരോപണവുമായി അതിജീവിത. ഹൈക്കോടതിയിൽ സെൻഗാറിന് അനൂകൂല തീരുമാനത്തിനായി ഒത്തുകളിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത സിബിഐക്ക് പരാതി നൽകി.
ഇതിനിടെ, ഡൽഹിയില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ അതിജീവിതയുടെ അമ്മ തളർന്നുവീണു. ഇവരെ സമര സ്ഥലത്തുനിന്ന് മാറ്റി. അതേസമയം, കേസിൽ സിബിഐ നൽകിയ അപ്പീൽ സുപ്രീംകോടതി നാളെ പരിഗണിക്കും. അതിജീവിതയ്ക്ക് നീതി ആവശ്യപ്പെട്ട് ജന്തർമന്തറിൽ വിവിധ സംഘടനകൾ പ്രതിഷേധം തുടരുകയാണ്.
വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിൽ ഉദ്യോഗസ്ഥർ അട്ടിമറി നടത്തിയെന്നാണ് അതിജീവിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈക്കാര്യം ചൂണ്ടിക്കാട്ടിയാണ് സിബിഐക്ക് നിലവിൽ പരാതി. അന്വേഷണത്തിലും കോടതി നടപടികളും ഉദ്യോഗസ്ഥർ മനപ്പൂർവം വീഴ്ച്ച വരുത്തി. ഹൈക്കോടതിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ സിബിഐ അഭിഭാഷകർ പരാജയപ്പെട്ടു. ആറ് പേജുള്ള പരാതിയാണ് നൽകിയത്. അന്വേഷണം നടത്തുമ്പോൾ തന്നെ അട്ടിമറിക്ക് ശ്രമിച്ചു. സെൻഗാറിനെ സഹായിക്കുന്ന രീതിയിൽ നിലപാട് എടുത്തു. താൻ പഠനം നടത്താത്ത സ്കൂളിൽ പഠിച്ചെന്ന് കാട്ടി പ്രായം തെളിയ്ക്കുന്ന വ്യാജ രേഖയുണ്ടാക്കി. തന്റെ മൊഴിയിലും കൃത്രിമത്വം കാട്ടിയെന്നും പരാതിയിൽ ആരോപിക്കുന്നു.
ഇതിനിടെ ഹൈക്കോടതി നടപടിയിൽ വ്യാപകമായ വിമർശനം ഉയർന്നതോടെയാണ് സിബിഐ നൽകിയ അപ്പീൽ അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സെൻഗാറിന് ജാമ്യം നൽകിയത് ചോദ്യം ചെയ്തുള്ള പൊതുതാൽപര്യഹർജിയും നാളെ പരിഗണിക്കുന്നുണ്ട്. ഹൈക്കോടതി ഉത്തരവിൽ സുപ്രീംകോടതി എന്ത് തീരുമാനം എടുക്കുമെന്നത് ഏറെ നിർണ്ണായകമാണ്.






































