അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലിം സർവകലാശാല ക്യാമ്പസിനുള്ളിൽ വെച്ച് അധ്യാപകനെ വെടിവെച്ചു കൊന്നു. എഎംയുവിന് കീഴിലുള്ള എബികെ സ്കൂളിലെ കമ്പ്യൂട്ടർ അധ്യാപകനായ റാവു ഡാനിഷ് അലിയാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ സർവകലാശാലയിലെ മൗലാന ആസാദ് ലൈബ്രറിക്ക് സമീപമായിരുന്നു ആക്രമണം. പതിവുപോലെ രാത്രിഭക്ഷണം കഴിഞ്ഞ് സഹപ്രവർത്തകർക്കൊപ്പം ക്യാമ്പസിൽ നടക്കാനിറങ്ങിയതായിരുന്നു ഡാനിഷ് അലി.
ലൈബ്രറിക്ക് പിന്നിലെ കാന്റീന് സമീപമെത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ട് അക്രമികൾ അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ അദ്ദേഹം സംഭവസ്ഥലത്തുവെച്ച് തന്നെ വീണു.
ഉടൻ തന്നെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമികൾ നാലഞ്ചു തവണ വെടിയുതിർത്തതായാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. സർവകലാശാലാ ക്യാമ്പസിനുള്ളിലെ അതീവ സുരക്ഷാ മേഖലയിൽ വെച്ച് കൊലപാതകം നടന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
അക്രമികൾ മുഖം മറച്ചാണ് എത്തിയതെന്നും വെടിവെപ്പിന് ശേഷം ഇവർ ബൈക്കിൽ രക്ഷപ്പെട്ടെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
വ്യക്തിപരമായ വൈരാഗ്യമാണോ അതോ മറ്റ് കാരണങ്ങളുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തെത്തുടർന്ന് അലിഗഡ് എസ്എസ്പി നീരജ് ജാദോണിന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികളെ തിരിച്ചറിയാനായി ക്യാമ്പസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ സർവകലാശാലാ ഭരണകൂടം നടുക്കം രേഖപ്പെടുത്തി. മുൻ ഉത്തർപ്രദേശ് എംഎൽഎയുടെ മരുമകൻ കൂടിയാണ് കൊല്ലപ്പെട്ട ഡാനിഷ് അലി.






























