ബീഹാറിലെ സമസ്തിപൂർ ശശി കൃഷ്ണ കോളേജ് പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷ എഴുതാൻ വന്ന വിദ്യാർഥിനി കുഞ്ഞിന് ജന്മം നൽകി. ബിരുദ പരീക്ഷ എഴുതാൻ വന്ന രവിത കുമാരി എന്ന വിദ്യാർഥിനിയ്ക്കാണ് പരീക്ഷയ്ക്കിടെ പെട്ടെന്ന് പ്രസവവേദന അനുഭവപ്പെട്ടത്. അധ്യാപകരും ജീവനക്കാരും ഉടൻ തന്നെ യുവതിയെ സുരക്ഷിത സ്ഥനത്തേക്ക് എത്തിച്ചു. അടിയന്തിര സേവനങ്ങൾക്കായി മെഡിക്കൽ സംഘത്തെയും വിളിച്ചു. എന്നാൽ മെഡിക്കൽ സംഘം എത്തും മുമ്പ് തന്നെ രവിത പ്രസവിച്ചു.
പരീക്ഷാഹാളിലുണ്ടായിരുന്ന മറ്റു ജീവനക്കാരും ആവശ്യമായ സഹായങ്ങൾ നൽകി. പ്രസവം നടന്നതിന് തൊട്ടുപിന്നാലെ കുഞ്ഞിനെയും അമ്മയെയും ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു പരിചരണം നൽകി. പരിശോധനകൾക്ക് ശേഷം അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ഇരുവരുടെയും നില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. പ്രസവ വേദന വകവെക്കാതെ പരീക്ഷയ്ക്കെത്തിയ രവിതയേയും പരീക്ഷാ കേന്ദ്രത്തിലെ ജീവനക്കാരുടെയും സഹപാഠികളുടെയും സമയോചിതമായ ഇടപെടലിനെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.































