കുടുംബതര്‍ക്കത്തെത്തുടര്‍ന്ന് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനമേറ്റ യുവതി കൊല്ലപ്പെട്ടു. അനുഷ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലാണ് സംഭവം. എട്ടുമാസം മുന്‍പായിരുന്നു അനുഷ (22) യും കാമുകനായ പരമേഷ് കുമാറും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം സ്ത്രീധനത്തെച്ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
രണ്ടുദിവസം മുന്‍പ് വഴക്കിനെത്തുടര്‍ന്ന് അനുഷ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. തുടര്ന്ന് ഇനി പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് ഉറപ്പുനല്‍കി പരമേഷ് അനുഷയെ തിരികെ വീട്ടിലെത്തിച്ചു. എന്നാല്‍ വീട്ടിലെത്തിയ ഉടന്‍ തന്നെ ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കം ഉടലെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം, ബൈക്കില്‍ ഗ്രാമത്തിലൂടെ വരുന്ന ദമ്പതികള്‍ ഒരു വീടിന് മുന്നില്‍ നിര്‍ത്തുന്നത് കാണാം. ബൈക്കില്‍ നിന്നിറങ്ങിയ അനുഷ നേരെ വീട്ടിലേക്ക് നടന്നുപോകാന്‍ ശ്രമിച്ചു. യുവതി മുടന്തി നടക്കുന്നതായാണ് സിസിടിവിയിലുള്ളത്. ഈ സമയത്ത് പരമേഷ് പിന്നില്‍ നിന്ന് അനുഷയുടെ ജാക്കറ്റില്‍ പിടിച്ചുലയ്ക്കുകയും ബൈക്കിന് അടുത്തേക്ക് തള്ളിയിടുകയും ചെയ്തു.
ശേഷം അയല്‍വാസിയുടെ കൈയ്യില്‍ നിന്ന് താക്കോല്‍ വാങ്ങിയ പരമേശ് അനുഷയുടെ കഴുത്തിന് പിടിച്ചുവലിച്ച് വീട് തുറക്കാന്‍ ആവശ്യപ്പെട്ടു. അനുഷ താക്കോല്‍ വലിച്ചെറിഞ്ഞതോടെ പരമേഷ് ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. അനുഷയെ അടിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്ത പരമേഷ്, പിന്നീട് മരത്തടി ഉപയോഗിച്ച് ആറിലധികം തവണ തലയ്ക്ക് അടിക്കുകയായിരുന്നു. അയല്‍വാസി തടയാന്‍ ശ്രമിച്ചെങ്കിലും പരമേഷ് ആക്രമണം തുടര്‍ന്നു. ഗുരുതരമായി പരിക്കേറ്റ അനുഷയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
സംഭവത്തില്‍ അനുഷയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പരമേഷിനും അമ്മയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്തതായും കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും വികാരാബാദ് പൊലീസ് അറിയിച്ചു.
































