റെയില്‍വേ ട്രാക്കിലൂടെ വാഹനമോടിക്കാന്‍ ശ്രമിക്കുന്നതിനിടെ 65-കാരനെ റെയില്‍വേ ജീവനക്കാരും പൊലീസും ചേര്‍ന്ന് പിടികൂടി. നാഗലാന്റ് ദിമാപൂരില്‍ ഡിസംബര്‍ 17-നാണ് സംഭവം. 65-കാരനായ മഹീന്ദ്ര ഥാര്‍ ഉടമ അയാളുടെ വാഹനവുമായി റെയില്‍വേ ട്രാക്കിലേക്ക് പ്രവേശിക്കുകയായിരുന്നു. വാഹനത്തേയും ഡ്രൈവറേയും പുറത്തെത്തിച്ചതിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
ദിമാപൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നാണ് ഡ്രൈവര്‍ ഥാറുമായി ട്രാക്കിലേക്ക് പ്രവേശിച്ചത്. പിന്നീട് അയാള്‍ പ്രധാന സ്റ്റേഷന്‍ ഭാഗത്തേക്ക് ട്രാക്കിലൂടെ വാഹനമോടിക്കുകയായിരുന്നു. അല്‍പ്പ സമയത്തിന് ശേഷം വാഹനം പാളത്തില്‍ കുടുങ്ങുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പെട്ട റെയില്‍വേ സ്റ്റേഷന്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്. ഥാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും സംശയിക്കുന്നു.
റെയില്‍വേ ട്രാക്കില്‍ ഇത്തരത്തില്‍ കടന്നു കയറുന്നത് ഗുരുതര കുറ്റമാണ്. വാഹനത്തെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തതായും റെയില്‍വേ ആക്ടിലെ 153, 147 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു.
































