വ്യാജ എഞ്ചിന്‍ ഓയിലും ലൂബ്രിക്കന്റുകളും നിര്‍മ്മിച്ച് വില്‍ക്കുന്ന അനധികൃത നിര്‍മ്മാണ ശാല കണ്ടെത്തി. ഡല്‍ഹിയിലെ നങ്‌ലോയി പ്രദേശത്താണ് നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഒരു കോടിയിലധികം വിലമതിക്കുന്ന വ്യാജ ഉല്‍പ്പന്നങ്ങളും യന്ത്രസാമഗ്രികളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നങ്‌ലോയിയിലെ കമ്രുദ്ദീന്‍ നഗറില്‍ നടത്തിയ റെയ്ഡില്‍ സന്ദീപ് (36) എന്ന പ്രതിയെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തു. ഏകദേശം 3,950 ലിറ്റര്‍ അസംസ്‌കൃത, വ്യാജ ലൂബ്രിക്കന്റ് ഓയില്‍, ഏകദേശം 12,000 ഒഴിഞ്ഞ കുപ്പികളും ബക്കറ്റുകളും, വ്യാജ ലേബലുകള്‍, പാക്കിംഗ് മെറ്റീരിയല്‍, കളറിംഗ് കെമിക്കലുകള്‍, സീലിംഗ് മെഷീനുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.
‘യഥാര്‍ത്ഥ ലൂബ്രിക്കന്റുകളുമായി സാമ്യമുള്ള രീതിയില്‍ രൂപകല്‍പ്പന ചെയ്ത വ്യാജ ഉല്‍പ്പന്നങ്ങള്‍ ഒരു അന്തര്‍സംസ്ഥാന ശൃംഖല വഴി വിവിധ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്തിരുന്നതായി,’ പോലീസ് പറഞ്ഞു. വാഹനങ്ങള്‍ക്ക് കേട്പാടുകള്‍ വരുത്തുന്നതിന് ഒപ്പം മാരകമായ അന്തരീക്ഷ മലിനീകരണവും ഉണ്ടാക്കുന്നതാണിത്.
പ്രതികള്‍ പ്രാദേശികമായി കുറഞ്ഞ വിലയ്ക്ക് പഴയ ലൂബ്രിക്കന്റ് ഓയില്‍ വാങ്ങി വ്യാജ ലേബലുകളും പാക്കേജിംഗും ഉപയോഗിച്ച് റീബ്രാന്‍ഡ് ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.
ഇതേ പ്രദേശത്തെ ഇവരുടെ സംഭരണ കേന്ദ്രത്തിലും റെയ്ഡ് നടത്തി, ഒഴിഞ്ഞ ഡ്രമ്മുകളും കുപ്പികളും കണ്ടെടുത്തു. കൂടുതല്‍ അന്വേഷണത്തില്‍ നംഗ്ലോയി, മുണ്ട്ക പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത സമാനമായ രണ്ട് കേസുകളില്‍ സന്ദീപിനെതിരെ നേരത്തെ പങ്കുണ്ടെന്ന് കണ്ടെത്തി.































