അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പുതിയ സീസണിലേക്കുള്ള കളിക്കാരെ കണ്ടെത്താനുള്ള താരലേലത്തില്‍ കോടികള്‍ വാരിയെറിഞ്ഞ് കൊല്‍ക്കത്ത. 25.20 കോടി രൂപയ്ക്കാണ് കാമറൂണ്‍ ഗ്രീനിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഒരു വിദേശതാരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.
ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഡേവിഡ് മില്ലര്‍ രണ്ടു കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സില്‍ ചേരും. ഇത്തിഹാദ് അരീനയില്‍ പകല്‍ 2.30 മുതലാണ് ലേലം തുടങ്ങിയത്. 77 സ്ഥാനങ്ങളിലേക്കാണ് ലേലം. അതില്‍ 46 ഇന്ത്യക്കാര്‍ക്കും 31 വിദേശ താരങ്ങള്‍ക്കും അവസരമുണ്ട്. രജിസ്റ്റര്‍ ചെയ്ത 1390 കളിക്കാരില്‍നിന്നാണ് ചുരുക്കപട്ടിക തയ്യാറാക്കിയത്.
ഐപിഎല്‍ താരലേലത്തിനുള്ള പത്ത് ടീമുകളില്‍ കൂടുതല്‍ പണം ബാക്കിയുള്ളത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനാണ്. കളിക്കാരെ നിലനിര്‍ത്താനും കൈമാറാനും പണം ചെലവഴിച്ചശേഷം ബാക്കിയുള്ള 64.3 കോടി ഉപയോഗിച്ച് 13 കളിക്കാരെ തെരഞ്ഞെടുക്കാം. അതില്‍ ആറ് പേര്‍ വിദേശികളാകണം. മുംബൈ ഇന്ത്യന്‍സിന് വാങ്ങാവുന്ന അഞ്ച് കളിക്കാര്‍ക്കായി 2.75 കോടിയാണുള്ളത്. ഒരു ടീമിന് 25 കളിക്കാര്‍ക്കായി 120 കോടി രൂപ ചെലവഴിക്കാം. ചെന്നൈ സൂപ്പര്‍ കിങ്‌സിന് 43.40 കോടി കൈയിലുണ്ട്. രാജസ്ഥാന്‍ റോയല്‍സിന് ഒമ്പത് കളിക്കാര്‍ക്കായി 16.05 കോടി ചെലവഴിക്കാം. ഡല്‍ഹി ക്യാപിറ്റല്‍സിന് 21.80 കോടിയുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിന്റെ കൈവശം 12.90 കോടിയുണ്ട്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് ചെലവാക്കാനുള്ളത് 22.95 കോടി. പഞ്ചാബ് കിങ്‌സിന് 11.50 കോടി മുടക്കാനുണ്ട്. ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് 16.40 കോടിയുണ്ട്. സണ്‍റൈസേഴ്സ് ഹൈരദാബാദിന് 25.50 കോടിയുള്ളതില്‍ 10 കളിക്കാരെ എടുക്കണം.
































