ഡല്‍ഹിയിലും മറ്റ് വടക്കേ ഇന്ത്യന്‍ നഗരങ്ങളിലും രൂക്ഷമായി തുടരുന്ന വായുമലിനീകരണത്തിന്റെ ഭാഗമായി തന്തൂരി ചിക്കന്‍ ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ക്ക് വിലക്ക്. റെസ്റ്റോറന്റുകളില്‍ വിറകും കരിയും കത്തിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്തിന്റെ കൂട്ടത്തിലാണ് തന്തൂരിക്ക് ‘നോ’ പറയാനുള്ള തീരുമാനം. ഹോട്ടലുകളില്‍ ഇലക്ട്രിക് ഗ്യാസ് സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.
അതേസമയം ഡല്‍ഹിയിലും മറ്റ് വടക്കേ ഇന്ത്യന്‍ നഗരങ്ങളിലും രൂക്ഷമായി തുടരുന്ന വായുമലിനീകരണം കുറയ്ക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്ത മോദി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്. റെസ്പിറേറ്റര്‍ മാസ്‌ക് അടക്കം ധരിച്ച് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയും മുദ്രാവാക്യമുയര്‍ന്നു. ശുദ്ധവായു അവകാശമാണെന്നതടക്കമുള്ള പ്ലക്കാര്‍ഡുകളുയര്‍ത്തിയ എംപിമാര്‍ വിഷയത്തില്‍ പ്രസ്താവനകളവസാനിപ്പിച്ച് നടപടികളെടുക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വായുമലിനീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എംപിമാര്‍ ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കുകയും ചെയ്തു.
ഡല്‍ഹിയിലെ വായുഗുണനിലവാരം ഇൗ വര്‍ഷം 134 ദിവസവും മോശമായിരുന്നെന്ന് കാലാവസ്ഥാ മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു. 200 ദിവസത്തില്‍ ഒറ്റ ദിവസം പോലും ഡല്‍ഹിക്കാര്‍ ശുദ്ധവായു ശ്വസിച്ചില്ലെന്നും സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രാലയം പറഞ്ഞു. ഡല്‍ഹിയിലെ വായു മലിനീകരണം ‘അതീവ മോശം’ സ്ഥിതിയില്‍ തുടരുകയാണ്.
































