സംഗീത സംവിധായകൻ പലാഷ് മുച്ഛലുമായുള്ള വിവാഹബന്ധം മാറ്റിവെച്ചതല്ല ഒഴിവാക്കിയതാണെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഇതുസംബന്ധിച്ച വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും. ഇരുകുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും സ്മൃതി ആവശ്യപ്പെട്ടു.
ഇതോടെ ആഴ്ചകളായി ക്രിക്കറ്റ് താരത്തിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് അവസാനമായി.ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിവാഹത്തിൽ നിന്ന് പിൻമാറിയ കാര്യം സ്മൃതി അറിയിച്ചത്.
”കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ ജീവിതത്തെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. അതിനെ കുറിച്ച് ഈ സമയത്ത് തുറന്നു പറയേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു. സ്വകാര്യത ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. അതങ്ങനെ തന്നെ തുടരാനും ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ വിവാഹം റദ്ദാക്കിയ കാര്യം എനിക്ക് വ്യക്തമാക്കേണ്ട ആവശ്യവുമുണ്ട്. ഈ വിഷയത്തിൽ വ്യക്തത വന്ന സാഹചര്യത്തിൽ എല്ലാം ചർച്ചകളും അവസാനിപ്പിക്കണമെന്ന് അപേക്ഷിക്കുകയാണ്. ഈ സമയത്ത് രണ്ടുകുടുംബങ്ങളുടെയും സ്വകാര്യതയെ മാനിക്കുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നു. ഞങ്ങൾക്ക് ഞങ്ങളുടേതായ നിലയിൽ മുന്നോട്ടു പോകാനുള്ള അവസരം നൽകണമെന്നും അപേക്ഷിക്കുന്നു ”-എന്നാണ് സ്മൃതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
































