മുംബൈ.ഇന്ത്യൻ നാവികസേനയിലെ പുത്തൻ യുദ്ധക്കപ്പൽ ഐഎൻഎസ് മാഹി കമ്മീഷൻ ചെയ്തു. മുംബൈയിലെ നേവൽ ഡോക്യാർഡിലാണ് കമ്മീഷനിംഗ് ചടങ്ങ് നടന്നത്. കൊച്ചിൻ ഷിപ്പിയാർഡിൽ നിർമ്മിക്കുന്ന 8 മുങ്ങിക്കപ്പൽ പ്രതിരോധ കപ്പലുകളിൽ ആദ്യത്തേതാണ് ഐഎൻഎസ് മാഹി.
സമുദ്രത്തിലെ നിശബ്ദ വേട്ടക്കാരൻ നാവികസേനയുടെ ഭാഗമായി . കേരളതീരത്തെ മാഹിയുടെ പേരിലാണ് പുതിയ അവതാര പിറവി. ഉറുമിയാണ് ചിഹ്നം. വെസ്റേറൺ നേവൽ കമാൻഡ് മേധാവി വൈസ് അഡ്‌മിറൽ കൃഷ്ണ സ്വാമിനാഥൻ, കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ സേനാ വിഭാഗങ്ങളുടെ ഒരുമിച്ചുള്ള പ്രയത്നമാണ് ഓപ്പറേഷൻ സിന്ദൂരിൽ കണ്ടതെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു . ചൈനയിൽ നിന്ന് പാക്കിസ്ഥാന് വാങ്ങിക്കൂട്ടുന്ന ഹംഗൂർ മുങ്ങിക്കപ്പലുകൾ അടക്കം പുതിയ വെല്ലുവിളികളുണ്ട്. ഇത് കൂടിമുന്നിൽകണ്ടാണ് കൂടുതൽ മുങ്ങിക്കപ്പൽ പ്രതിരോധ കപ്പലുകൾ ഇന്ത്യ നിർമ്മിക്കുന്നത്. മാഹി ക്ലാസിൽ എട്ടു കപ്പലുകളാണ് ആകെ നിർമ്മിക്കുന്നത്. മൂന്നുമാസത്തിനകം അടുത്തതും കൊച്ചിൻ ഷിപ്പിയാർഡിൽ നിർമ്മാണം പൂർത്തിയാകും. ഏതാണ്ട് 90% വും തദ്ദേശീയമായാണ് നിർമ്മാണം. തീരത്തോട് ചേർന്നാണ് മാഹിയുടെ സേവനം കൂടുതൽ ഉപയോഗപ്പെടുത്തുക. മുങ്ങിക്കപ്പലുകളെ ആക്രമിക്കുക, മൈനുകളെ നശിപ്പിക്കുക തുടങ്ങിയവയാണ് പ്രാഥമികമായി ചുമതലകൾ. മുങ്ങിക്കപ്പൽ പ്രതിരോധ രംഗത്ത് അർണാല ക്ലാസ്സിൽ 8 കപ്പലുകൾ കൽക്കട്ടയിൽ നിർമ്മിക്കുന്നുണ്ട്. അതിൽ ആദ്യത്തെ രണ്ടെണ്ണം കമ്മീഷൻ ചെയ്തു കഴിഞ്ഞു.




































