ഇതിഹാസ താരം ധർമേന്ദ്രയ്ക്ക് വിട നൽകി ബോളിവുഡ്. ബോളിവുഡിന്റെ എക്കാലത്തെയും മികച്ച നടനെ യാത്രയാക്കാൻ ഹിന്ദി സിനിമാ ലോകം പവൻ ഹാൻസിലേക്കെത്തി. പൊതുദർശനം ഉൾപ്പെടെയുള്ള ചടങ്ങുകൾ കുടുംബത്തിന്റെ ആവശ്യപ്രകാരം ഒഴിവാക്കുകയായിരുന്നു. സിനിമ താരങ്ങളോടും കുടുംബാംഗങ്ങളോടും അടുത്ത സുഹൃത്തുക്കളോടും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പവൻ ഹാൻസിലെത്താൻ അറിയിച്ചു.
അമിതാഭ് ബച്ചൻ, സഞ്ജയ് ദത്ത്, ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, അഭിഷേക് ബച്ചൻ,അനിൽ കപൂർ, റൺവീർ സിങ്, ദീപിക പദുക്കോൺ, കരൺ ജോഹർ, കജോൾ, കരീന കപൂർ, മനീഷ് മൽഹോത്ര ഉൾപ്പെടെയുള്ളവർ പവൻ ഹാൻസിൽ എത്തി അന്തിമോപചാരമർപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, നടൻ അക്ഷയ് കുമാർ തെലുങ്ക് താരം ജൂനിയർ എൻടിആർ എന്നിവർ സോഷ്യൽ മീഡിയയിൽ അനുശോചനം അറിയിച്ചു.
തിങ്കൾ പകൽ മുംബൈയിലെ വസതിയിലായിരുന്നു ധർമേന്ദ്രയുടെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നവംബർ ഒന്നിനാണ് നടനെ മുംബൈയിലുള്ള ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നവംബർ 12ന് കുടുംബത്തിന്റെ ആവശ്യപ്രകാരം ഡിസ്ചാർജ് ചെയ്യുകയായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ ജുഹുവിലെ വസതിയിലായിരുന്നു അന്ത്യം.
































