ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു. സംഗീതസംവിധായകന്‍ പലാശ് മുഛലുമായുള്ള സ്മൃതിയുടെ വിവാഹം ഞായറാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ദാനയുടെ ജന്മനാടായ സാംഗ്ലിയിലെ സാംഡോളിലുള്ള ഫാം ഹൗസില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. സ്മൃതിയുടെ പിതാവിന്റെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് വിവാഹം മാറ്റിവെക്കുന്നതെന്ന് താരത്തിന്റെ മാനേജര്‍ തുഹിന്‍ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. സ്മൃതിയുടെ പിതാവിന് ഹൃദയാഘാതം ഉണ്ടായെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
സാംഗ്ലിയിലെ സര്‍വിത് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ള ശ്രീനിവാസിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ബന്ധുക്കള്‍ പറഞ്ഞു. സ്മൃതിയും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട്. രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെയാണ് ശ്രീനിവാസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. അദ്ദേഹം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരോഗ്യ നില വഷളായതോടെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും താരത്തിന്റെ മാനേജര്‍ പറഞ്ഞു. വെഡ്ഡിങ് മനേജ്‌മെന്റ് ടീമും വിവാഹം മാറ്റിവെച്ച വിവരം സ്ഥിരീകരിച്ചു.
വിവാഹ ആഘോഷങ്ങള്‍ ദിവസങ്ങള്‍ക്കു മുമ്പേ തുടങ്ങിയിരുന്നു. ഹല്‍ദി ആഘോഷത്തിന്റെ ഭാഗമായി വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമംഗങ്ങളും സ്മൃതിയും വാദ്യമേളങ്ങള്‍ക്കൊപ്പം ഒന്നിച്ച് നൃത്തം ചെയ്യുന്ന വിഡിയോകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. റിച്ച ഘോഷ്, ശ്രേയങ്ക പാട്ടീല്‍, റേണുക സിങ്, ശിവാലി ഷിന്‍ഡെ, റാധ യാദവ്, ജെമിമ റോഡ്രിഗസ് തുടങ്ങിയവര്‍ നൃത്തം ചെയ്യുന്നതിന്റെ വിഡിയോ ശഫാലി വര്‍മ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. പലാശ് മുഛലുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ വാര്‍ത്ത സ്മൃതി തന്നെയാണ് പുറത്തുവിട്ടത്. പ്രഫഷണല്‍ ഗായകനും സംഗീത സംവിധായകനുമാണ് 28കാരനായ പലാഷ്.
































