കരൂര്‍ ദുരന്തത്തിന് ശേഷം തമിഴ്‌നാട്ടിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കാഞ്ചീപുരത്ത് നടന്ന ഇന്‍ഡോര്‍ പരിപാടിയിലാണ് വിജയ് പങ്കെടുത്തത്. രണ്ട് മാസത്തിന് ശേഷമാണ് പാര്‍ട്ടി പ്രചാരണ പരിപാടി പുനഃരാരംഭിക്കുന്നത്.
സമൂഹനീതിക്കായാണ് തന്റെ പോരാട്ടമെന്നും സമത്വത്തിലാണ് തന്റെ പാര്‍ടി വിശ്വസിക്കുന്നതെന്നും വിജയ് പറഞ്ഞു. ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച വിജയ് ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പിന്നോക്ക നയങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷികളെക്കുറിച്ചും പൊതുയോഗത്തില്‍ മൗനം പാലിച്ചു. കരൂര്‍ ദുരന്തത്തെക്കുറിച്ചും പരാമര്‍ശങ്ങള്‍ ഒഴിവാക്കിയതായാമ് റിപ്പോര്‍ട്ട്.
സ്വകാര്യ കോളേജ് ക്യാമ്പസില്‍ രാവിലെ 11 നാണ് യോഗം ആരംഭിച്ചത്. ജില്ലയിലെ 35 ഗ്രാമങ്ങളില്‍ നിന്നുമുള്ള 2000 പേര്‍ യോഗത്തില്‍ പങ്കെടുത്തു. കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, ടിവികെ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് പങ്കെടുത്തത്. ക്യുആര്‍ കോഡുള്ള പ്രവേശന ടിക്കറ്റ് ലഭിച്ചവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം.
വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥരില്‍ നിന്നും പരിശീലനം ലഭിച്ച ടിവികെ വോളന്റിയര്‍മാരാണ് സുരക്ഷ ക്രമീകരണം നടത്തിയത്. പൊതുയോഗം നടക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ച് കടക്കുന്നത് തടയാന്‍ കെട്ടിമറച്ചിരുന്നു. സെപ്റ്റംബര്‍ 27നാണ് കരൂരിലെ വേലുച്ചാമിപുരത്ത് ടിവികെയുടെ പ്രചാരണ പരിപാടിയില്‍ ദുരന്തമുണ്ടായത്. വിജയ്യെ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയതും ഏറെ നേരം കാത്ത് നില്‍ക്കേണ്ടി വന്നതുമാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത്. കരൂരിലെ തിക്കിലും തിരക്കിലും 41 പേരുടെ ജീവന്‍ നഷ്ടമായിരുന്നു.
































