ബംഗളൂരുവിലെ ഏഴ് കോടി മോഷണം
കവർച്ചക്കാരെത്തിയ കാർ കണ്ടെത്തി,
ബിദറിൽ കാർ യാത്രികരെ കൊള്ളയടിച്ചു

Advertisement



ബംഗളൂരു. പട്ടാപ്പകൽ ഏഴ് കോടി രൂപ കവർന്ന കേസിൽ കവർച്ചക്കാരെത്തിയ കാർ പൊലിസ് കണ്ടെത്തി. ആന്ധ്രപ്രദേശിലെ ചിറ്റൂരിന് സമീപത്തു നിന്നാണ് കാർ കണ്ടെത്തിയത് . അതിനിടെ ബിദർ ജില്ലയിൽ കാർ യാത്രക്കാരിൽ നിന്നും 24 ലക്ഷം രൂപയുടെ സ്വർണവും കവർന്നു

ഇന്നലെയാണ് ബംഗളൂരുവിലെ അശോക് പില്ലറിന് സമീപത്ത് വച്ച്, എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ ഏഴ് കോടി രൂപ കവർന്നത്. നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനെ എത്തിയായിരുന്നു മോഷണം. സംഘം എത്തിയ ഗ്രേ കളർ ഇന്നോവ കാറാണ് ഇന്ന് കണ്ടെത്തിയത്. മോഷണ ശേഷം ബന്നർഗട്ട ഭാഗത്തേയ്ക്ക് പോയ കാർ ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ നിന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. മോഷ്ടാക്കളെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
ബംഗളൂരുവിലെ കവർച്ചയ്ക്ക് പിന്നാലെയാണ് ബിദറിലും മോഷണം നടന്നത്. വിവാഹത്തിൽ പങ്കെടുക്കാനായി പോയ സംഘത്തിൽ നിന്നാണ് 24 ലക്ഷം രൂപയുടെ സ്വർണം കവർന്നത്. റോഡിൽ ആണി വിതറി കാറിന്റെ ടയർ പഞ്ചറാക്കിയ ശേഷമായിരുന്നു, യാത്രക്കാരെ ഭീഷണിപ്പെടുത്തി മോഷണം നടത്തിയത്. യെത്ഗാവ് സ്വദേശികളാണ് കൊള്ളയടിക്കപ്പെട്ടത്. ബസവകല്യാൺ പൊലീസ് കേസെടുത്തു.


Advertisement