യുവതി ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി ഐപിഎൽ താരം…ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിച്ചുവെന്ന് യുവതി

Advertisement

ഫോണിലൂടെ യുവതി തന്നെ ഭീഷണിപ്പെടുത്തുന്നതായി പരാതി നൽകി ക്രിക്കറ്റ്‌ താരം വിപ്രജ് നിഗം. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി കളിക്കുന്ന ഉത്തർപ്രദേശ് താരമാണ് വിപ്രജ് നിഗം. യുപിയിലെ കോട്‌വാലി നഗർ പൊലീസ് സ്റ്റേഷനിൽ ആണ് പരാതി നൽകിയത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ക്രിമിനൽ കേസിൽ കുടുക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തി. ഒരു മൊബൈൽ നമ്പറിൽനിന്നു നിരന്തരം കോളുകൾ ലഭിച്ചതായും താരം പരാതിയിൽ പറയുന്നു. നമ്പർ ബ്ലോക്ക് ചെയ്തതോടെ ഒട്ടേറെ വിദേശ നമ്പറുകളിൽനിന്നു കോളുകൾ ലഭിക്കാൻ തുടങ്ങിയെന്നും പരാതിയിൽ പറയുന്നു.
തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുന്ന തരത്തിൽ ഒരു വിഡിയോ പുറത്തുവിടുമെന്നും യുവതി ഭീഷണിപ്പെടുത്തിയെന്നും ഇതു തന്റെ കരിയറിനെയും മാനസികാരോഗ്യത്തെയും സാരമായി ബാധിച്ചെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കോൾ വിശദാംശങ്ങളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

എന്നാൽ വിപ്രജിനെതിരെ ഇതേ യുവതിയും പരാതി നൽകിയതായി റിപ്പോർട്ടുണ്ട്. വിപ്രജ് തന്നെ നോയിഡയിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയെന്നും ഇവിടെവച്ച് ശാരീരിക ബന്ധത്തിലേർപ്പെട്ടെന്നും എന്നാൽ പിന്നീട് തർക്കമുണ്ടായതായും യുവതി പരാതിയിൽ പറയുന്നു. തന്നെ വിവാഹം കഴിക്കില്ലെന്നും സമൂഹമാധ്യമങ്ങളിൽ ബ്ലോക്ക് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. തർക്കം രൂക്ഷമായതോടെ വിപ്രജ് തന്നെ ഹോട്ടൽ മുറിയിൽനിന്നും ബലംപ്രയോഗിച്ച് പുറത്താക്കിയെന്നും പരാതിയിലുണ്ട്.
കേസിൽ തന്റെ നിരപരാധിത്വം തെളിയിക്കുന്ന, വിപ്രജിന്റെ അമ്മയുമായുള്ള ഫോൺ സംഭാഷണത്തിന്റെ റെക്കോർഡിങ്ങും വിപ്രജുമായി തന്നെയുള്ള നിരവധി റെക്കോർഡിങ്ങുകളും തന്റെ പക്കലുണ്ടെന്ന് യുവതി അവകാശപ്പെട്ടു. വിപ്രജ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും അവർ പറഞ്ഞു.

ഹൈദരാബാദ് സ്വദേശിനിയായ വനിതാ ക്രിക്കറ്റ് താരവുമായുള്ള വിപ്രജിന്റെ തർക്കമാണ് ഇരു പരാതിയിലേക്കും നയിച്ചെന്നാണ് വിവരം. നിലവിൽ ഉത്തർപ്രദേശ് ടീമിനായി കളിക്കുന്ന വനിതാ താരവുമായി വിപ്രജിനു ബന്ധമുണ്ടായിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും അടുത്തത്. ഇതു പിന്നീട് തർക്കത്തിലേക്കും പരാതിയിലേക്കും നീളുകയായിരുന്നു.

Advertisement