അയോധ്യ രാമക്ഷേത്രവും കാശി വിശ്വനാഥ ക്ഷേത്രവും ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടുവെന്ന് വിവരം

Advertisement

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനക്കേസില്‍ എന്‍ഐഎ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അയോധ്യ രാമക്ഷേത്രവും കാശി വിശ്വനാഥ ക്ഷേത്രവും ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടുവെന്നാണ് വിവരം. കൂടാതെ സേന ആസ്ഥാനം, വ്യോമസേന ഓഫീസ്, ബിജെപി ഓഫീസ് എന്നിവയും ഭീകരര്‍ ലക്ഷ്യമിട്ടിരുന്നു. സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം 1500 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്‌ഫോടനത്തില്‍ ചാവേറായ ഉമര്‍ വന്‍ സ്‌ഫോടനം നടത്താനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും ആവശ്യമായത്ര സ്‌ഫോടക വസ്തുക്കള്‍ ലഭ്യമായിരുന്നില്ലെന്നും അന്വേഷണവൃത്തങ്ങള്‍ പറയുന്നു. ഭീകരാക്രമണം നടത്താന്‍ രണ്ടുവര്‍ഷമായി വന്‍തോതില്‍ അമോണിയം നൈട്രേറ്റ് ശേഖരിച്ചെങ്കിലും ഒരുമാസത്തിനുള്ളിലാണ് സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
ഭീകരാക്രമണം നടത്താന്‍ മൂന്ന് കാറുകള്‍ വാങ്ങിയതായും അതില്‍ രണ്ടെണ്ണം അന്വേഷണസംഘം കണ്ടെത്തുകയും ചെയ്്തിട്ടുണ്ട് മൂന്നാമത്തെ കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ചുവന്ന എക്കോ സ്‌പോട്ട് വ്യാജമേല്‍വിലാസത്തിലാണ് വാങ്ങിയതെന്നും അന്വേഷണസംഘം കണ്ടെത്തി. അതേസമയം, സ്‌ഫോടനം നടന്ന സമയത്ത് കാറില്‍ ഉണ്ടായിരുന്നത് ഉമര്‍ നബി തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ ഫലം പുറത്തുവന്നതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായത്. കാറില്‍നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎന്‍എയും കുടുംബാംഗങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പിളുകളും പരിശോധിച്ചാണ് ഉമര്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
ഫരീദാബാദ്, ലഖ്നൗ, തെക്കന്‍ കശ്മീര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജെയ്ഷെ-മുഹമ്മദിന്റെ (ജെഇഎം) ലോജിസ്റ്റിക് മൊഡ്യൂളുമായി ഉമറിന് ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ സംഘത്തില്‍ അഞ്ച് മുതല്‍ ആറ് വരെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പത്തോളം അംഗങ്ങളുണ്ടായിരുന്നതായാണ് വിവരം.

10 അംഗ എന്‍ഐഎ സംഘമാണ് ഡല്‍ഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്നത്.

Advertisement