ചെങ്കോട്ടയിൽ നടന്ന സ്ഫോടനം ആസൂത്രിത ആക്രമണം അല്ലെന്ന് ഉന്നത വൃത്തങ്ങൾ. പരിഭ്രാന്തിയിൽ നടന്ന സ്ഫോടനമാണെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. പൊട്ടിത്തെറിച്ചത് നിർമാണം പൂർത്തിയാക്കാത്ത ബോംബാണ്. അതിനാൽ സ്ഫോടനത്തിന്റെ തീവ്രത കുറഞ്ഞു. ചാവേറിന്റെ രീതി പിന്തുടർന്നില്ല എന്നുമാണ് നിഗമനം. സ്ഫോടനത്തിൽ ഗർത്തം രൂപപ്പെടാതിരുന്നത് ഇതേ കാരണമാണെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ. ഇരുമ്പ് ചീളുകളോ പ്രൊജക്റ്റൈലുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്ഫോടന സമയത്തും വാഹനം നീങ്ങി കൊണ്ടിരിക്കുകയായിരുന്നു. സ്ഫോടനം ചാവേർ ആക്രമണമല്ലെന്ന് പറയുന്നതിലെ പ്രധാന കാരണമിതാണ്. ചാവേർ ആക്രമണം ആയിരുന്നെങ്കിൽ ഈ വാഹനം ഒരു പ്രത്യേക ലക്ഷ്യത്തിലേക്ക് അതിവേഗത്തിൽ നീങ്ങുകയോ അല്ലെങ്കിൽ ഇടിച്ചുകയറുകയോ ചെയ്യേണ്ടതാണ്. എന്നാൽ ഈ സംഭവത്തിൽ അങ്ങനെ ഉണ്ടായില്ല. കൂടാതെ, കനത്ത നാശനഷ്ടങ്ങൾ വരുത്താൻ ഐഇഡി സജ്ജമായിരുന്നില്ല.
സ്ഫോടനം നടക്കുന്നതിന് മുൻപ് തന്നെ സംസ്ഥാനത്ത വിവിധ ഇടങ്ങളിൽ പരിശോധന നടന്നിരുന്നു. റെയ്ഡിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത് പ്രതിയെ പരിഭ്രാന്തനാക്കി. ഇതാണ് വേഗത്തിലുള്ള ഒരു ആക്രമണത്തിലേക്ക് വഴി വെച്ചതെന്നാണ് വിവരം. ഒപ്പം പ്രതി ചാവേറിന്റെ രീതി പിന്തുടർന്നില്ലെന്നതും വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
































