അജ്ഞാതരായവർ വിളിക്കുമ്പോൾ അവരുടെ പേര് ഇനി നിങ്ങളുടെ മൊബൈൽ ഫോണിൽ ദൃശ്യമാകും

Advertisement

അജ്ഞാതരായവർ വിളിക്കുമ്പോൾ അവരുടെ പേര് ഇനി നിങ്ങളുടെ മൊബൈൽ ഫോണിൽ ദൃശ്യമാകും. വിളിക്കുന്നവരുടെ പേര് പ്രദർശിപ്പിക്കുന്ന സേവനത്തിന്റെ പരീക്ഷണത്തിന് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികൾ തുടക്കം കുറിച്ചു. കോളിങ് നെയിം പ്രസന്റേഷൻ (സി.എൻ.എ.പി) എന്നാണ് ഈ സേവനത്തിന്റെ പേര്. നിലവിൽ ഹരിയാനയിലും ഹിമാചൽ പ്രദേശിലുമാണ് പദ്ധതി പരീക്ഷണം തുടങ്ങിയത്. അടുത്ത വർഷം മാർച്ചോടുകൂടി മറ്റു സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. അജ്ഞാത നമ്പറുകൾ തിരിച്ചറിയാൻ ട്രൂകോളർ അടക്കമുള്ള ആപ്പുകളാണ് പലരും ആശ്രയിച്ചിരുന്നത്. ഇനി അത്തരം ആപ്പുകൾ മൊബൈൽ ഫോണിൽനിന്ന് ഒഴിവാക്കാമെന്നതാണ് വലിയ ആശ്വാസം.
റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എൽ എന്നിവ ഹരിയാനയിലും ഭാരതി എയർടെൽ ഹിമാചൽ പ്രദേശിലുമാണ് സേവനം പരീക്ഷിക്കുന്നത്. നിലവിൽ ഈ സർക്കിളുകളിൽനിന്ന് മൊബൈൽ ഫോൺ കണക്ഷൻ എടുത്തവരുടെ പേര് മാത്രമാണ് പ്രദർശിപ്പിക്കുക. ഉദാഹരണത്തിന്, ഹരിയാനയിൽനിന്നോ ഹിമാചൽ പ്രദേശിൽനിന്നോ മൊബൈൽ ഫോൺ കണക്ഷൻ എടുത്ത ഉപഭോക്താവ് രാജ്യത്തെവിടെയെങ്കിലുമുള്ള മറ്റൊരാളെ വിളിച്ചാൽ പേര് ഫോണിൽ ദൃശ്യമാകും.

Advertisement