മൾട്ടിപ്ലക്സ് തിയറ്ററുകളിൽ ടിക്കറ്റ് നിരക്ക് ന്യായമായി നിശ്ചയിക്കണമെന്ന് കോടതി. ഭക്ഷണപാനീയങ്ങളുടെ വില ക്രമീകരിക്കണം. ഇല്ലെങ്കിൽ തിയറ്ററുകൾ കാലിയാകുമെന്നും സുപ്രീം കോടതി ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സന്ദീപ് മെഹ്തയും അധ്യക്ഷരായ ബെഞ്ച് നിരീക്ഷിച്ചു.
മൾട്ടിപ്ലക്സ് ടിക്കറ്റ് വില 200 രൂപയായി പരിമിതപ്പെടുത്താനുള്ള കർണാടക സർക്കാരിന്റെ തീരുമാനം സ്റ്റേ ചെയ്യുന്നതിന് കർണാടക ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഏർപ്പെടുത്തിയ വ്യവസ്ഥകളെ ചോദ്യം ചെയ്ത് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും മറ്റുള്ളവരും സമർപ്പിച്ച ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.
ഒരു കുപ്പി വെള്ളത്തിന് നൂറ് രൂപയും ഒരു കാപ്പിക്ക് 700 രൂപയുമാണ് ഈടാക്കുന്നതെന്നും ഇത് ന്യായമാണോ എന്നും കോടതി തിയറ്റർ ഉടമളോട് ചോദിച്ചു. എന്നാൽ താജ് ഹോട്ടലിൽ ഒരു കാപ്പിക്ക് 1000 രൂപയാണ് ഈടാക്കുന്നതെന്നായിരുന്നു മൾട്ടിപ്ലക്സ് അസോസിയേഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്ഗി വാദിച്ചത്. സിനിമാ വ്യവസായം താഴേക്ക് പോകുമ്പോൾ, ആളുകൾക്ക് വന്ന് ആസ്വദിക്കാൻ കഴിയുന്ന തരത്തിലാക്കുക, അല്ലാത്തപക്ഷം സിനിമാ തിയേറ്ററുകൾ ശൂന്യമാകും എന്ന് ജസ്റ്റിസ് വിക്രം നാഥ് മുന്നറിയിപ്പ് നൽകി. എന്നാൽ എന്ത് തിരഞ്ഞെടുക്കണം എന്നത് ഉപഭോക്താവിന്റെ തീരുമാനമാണെന്നും, മൾട്ടിപ്ലക്സുകൾ വേണ്ടാത്തവർക്ക് മറ്റ് തിയറ്ററുകളിൽ പോകാമല്ലോ എന്നും റോഹ്ത്ഗി വാദിച്ചു.
സാധാരണയായി ഒരു തിയറ്ററുകളും ഇപ്പോൾ അവശേഷിക്കുന്നില്ലെന്നും, പരമാവധി നിരക്ക് 200 രൂപയാക്കിയ ഡിവിഷൻ ബെഞ്ച് നടപടിക്കൊപ്പമാണ് തങ്ങളെന്നും സുപ്രീംകോടതി വ്യക്തമാക്കി.
































