‘മണ്ഡലത്തിന്‍റെ ബ്ലു പ്രിന്‍റ് എന്താണെന്ന’ ചോദ്യത്തിന് മൈഥിലി താക്കൂറിന്‍റെ ഉത്തരം കേട്ട് അമ്പരന്ന് നെറ്റിസെൻസ്

Advertisement

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ താരമൂല്യമുള്ള സ്ഥാനാര്‍ത്ഥികളിലൊരാളാണ് മൈഥിലി താക്കൂര്‍. അതേസമയം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങൾക്ക് മൈഥിലി നല്‍കുന്ന ഉത്തരങ്ങൾ സമൂഹ മാധ്യമങ്ങളില്‍ ട്രോളുകളാകുന്നു. ബിജെപിയില്‍ ചേർന്നതിന് പിന്നാലെ താന്‍ ‘മിഥിലയുടെ മകൾ’ ആണെന്ന് സ്വയം പ്രഖ്യാപിച്ച് കൊണ്ട് രംഗത്തെത്തിയ മൈഥിലി, ബീഹാര്‍ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉൾപ്പെട്ടു.

നിയോജക മണ്ഡലത്തിന്‍റെ ബ്ലൂ പ്രിന്‍റ് എന്താണ്?
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമ പ്രവര്‍ത്തകന്‍ മൈഥിലിയോട് എന്താണ് നിങ്ങളുടെ നിയമസഭാ മണ്ഡലത്തെക്കുറിച്ചുള്ള ബ്ലൂ പ്രിന്‍റ് എന്ന് ചോദിക്കുന്നു. ഈ സമയം യാതൊരു സങ്കോചവും കൂടാതെ ക്യാമറയ്ക്ക് മുന്നില്‍, പബ്ലിക്കിൽ ഞാന്‍ അതെങ്ങനെ പറയുമെന്നും അത് തീര്‍ത്തും സ്വകാര്യമായ കാര്യമാണെന്നും രഹസ്യമാണെന്നും മൈഥിലി പറയുന്നു. ബീഹാറിലെ അലിനഗറില്‍ നിന്നാണ് മൈഥിലി ബിജെപി ടിക്കറ്റില്‍ ബീഹാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത്.

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നിരവധി പേരാണ് രൂക്ഷ വിമ‍ർശനവുമായി എത്തിയത്. രാഷ്ട്രീയ ബോധമില്ലാത്ത സ്ഥാനാര്‍ത്ഥികളെ നിർത്തുന്നത് എന്ത് തരം രാഷ്ട്രീയമാണെന്ന് ചിലര്‍ ചോദിച്ചു. ഒരു സ്ഥാനാർത്ഥി തങ്ങളുടെ പദ്ധതികൾ രഹസ്യമാണെന്ന് പറയുമ്പോൾ, ഒരു പദ്ധതിയുമില്ലെന്ന് വ്യക്തമാണെന്ന് മറ്റ് ചിലര്‍ എഴുതി. എല്ലാ യഥാർത്ഥ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്ന ശൂന്യമായ മുഖങ്ങളെയല്ല, ആശയങ്ങളുള്ള നേതാക്കളെയാണ് വോട്ടർമാർ അർഹിക്കുന്നതെന്ന് മറ്റ് ചിലര്‍ വിശദീകരിച്ചു. ഒരു സ്ഥാനാർത്ഥി തന്‍റെ മണ്ഡലത്തിലെ ബ്ലൂപ്രിന്‍റ് “സ്വകാര്യ രഹസ്യം” എന്ന് വിശേഷിപ്പിച്ചാല്‍ അത് അജ്ഞതയുടെ പ്രശ്നമല്ല, മറിച്ച് ഒരു രാഷ്ട്രീയ പാർട്ടി പൗരന്മാരെ സേവിക്കുന്നതിനുപകരം നേതൃത്വത്തെ അനുസരിക്കാൻ ആളുകളെ പരിശീലിപ്പിക്കുന്നത് എങ്ങനെയെന്നാണ് കാണിക്കുകയാണെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി.

മൈഥിലി താക്കൂർ?
2000 ജൂലൈ 25 -ന് ബീഹാറിലെ മധുബനിയിൽ ജനിച്ച മൈഥിലി താക്കൂർ ഒരു നാടോടി, ക്ലാസിക്കൽ ഗായികയാണ്. തന്‍റെ രണ്ട് സഹോദരന്മാർക്കൊപ്പമുള്ള പ്രകടനങ്ങളിലൂടെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറി. അച്ഛനിൽ നിന്നും മുത്തച്ഛനിൽ നിന്നും ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലും നാടോടി സംഗീതത്തിലും ഇവർ പരിശീലനം നേടിയിരുന്നു. 2017 ൽ, യുവ ഗായികയായ റൈസിംഗ് സ്റ്റാർ എന്ന ഗാന റിയാലിറ്റി ഷോയിൽ റണ്ണർ-അപ്പായതോടെ താരമൂല്യം ഏറി. സമൂഹ മാധ്യമങ്ങളില്‍ ഏറെ ഫോളോവേഴ്സുള്ള മൈഥിലിയെ ബിജെപി പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. പിന്നാലെ ബീഹാറിലെ നിയമസഭാ സ്ഥാനാര്‍ത്ഥിയുമാക്കി.

Advertisement