ബെംഗളൂരു: നാല് മക്കളുടെ അമ്മയും വിധവയും ആയ യുവതിയുടെ മൃതദേഹം പൊലീസ് സ്റ്റേഷന് സമീപത്ത് ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യുവതിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു.
35കാരിയായ സൽമ എന്ന സ്ത്രീയെയാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടുജോലിക്കാരിയായ ഇവർക്ക് നാല് മക്കളാണ് ഉള്ളത്. വെള്ളിയാഴ്ചയാണ് പൊലീസ് സ്റ്റേഷനിൽ നിന്ന് ഏതാനും അടി അകലെ ഓട്ടോറിക്ഷയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
കാമുകൻ യുവതിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു
ഭർത്താവ് മരിച്ച ശേഷം ഇവർ സുബ്രമണി എന്നൊരാളുമായി അടുപ്പത്തിലായിരുന്നതായാണ് പൊലീസ് വിശദമാക്കുന്നത്. ഒരു വസ്ത്ര നിർമ്മാണ ശാലയിലെ തൊഴിലാളിയാണ്. വെള്ളിയാഴ്ച സൽമ സുബ്രമണിക്കൊപ്പം പോയതായി 35കാരിയുടെ മക്കൾ പൊലീസിനോട് വിശദമാക്കിയിട്ടുണ്ട്. യുവതിയെ സുബ്രമണി ആക്രമിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം സുഹൃത്തിന്റെ സഹായത്തോടെയാണ് ഉപേക്ഷിക്കപ്പെട്ട ഓട്ടോയിൽ സുബ്രമണി സൽമയുടെ മൃതദേഹം എത്തിച്ചത്. ഇതിന് പിന്നാലെ ഇയാൾക്കായി പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തിലക് നഗർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.




































