ആരാണ് പെറ്റൽ ഗെഹലോട്ട്? ‘നശിപ്പിക്കപ്പെട്ട റൺവേകളടക്കം വിജയമായി തോന്നുന്നെങ്കിൽ, പാകിസ്ഥാന് ആഘോഷിക്കാം’; യുഎന്നിൽ ചുട്ട മറുപടി നൽകിയ നയതന്ത്രജ്ഞ

Advertisement

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ (UNGA) പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് ശക്തമായ നയതന്ത്ര മറുപടി നൽകി ശ്രദ്ധേയയായിരിക്കുകയാണ് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയായ പെറ്റൽ ഗഹ്ലോട്ട്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഷെരീഫ് നടത്തിയ വാദങ്ങളെയും തീവ്രവാദത്തെക്കുറിച്ചുള്ള പരാമർശങ്ങളെയും തകർത്തായിരുന്നു പെറ്റൽ ഗഹ്ലോട്ട് ഇന്ത്യയുടെ ‘റൈറ്റ് ഓഫ് റിപ്ലൈ’ ഉപയോഗിച്ച് സംസാരിച്ചത്. ഷെരീഫ് വീണ്ടും ‘ഭീകരവാദത്തെ മഹത്വവൽക്കരിക്കുന്നു’ എന്നും അവർ തുറന്നടിച്ചു.

പാകിസ്ഥാന് നേരെ ആഞ്ഞടിച്ച് പെറ്റൽ ഗഹ്ലോട്ട്
തീവ്രവാദ ഗ്രൂപ്പുകൾക്ക് സംരക്ഷണം നൽകുകയും പരാജയത്തെ വിജയമായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെ കള്ളപ്രചാരണങ്ങൾ നടത്തുകയാണ് പാകിസ്ഥാനെന്ന് ഗെഹലോട്ട് കുറ്റപ്പെടുത്തി. ഓപ്പറേഷൻ സിന്ദൂറിനിടെ തങ്ങളുടെ വ്യോമതാവളങ്ങൾ തകർന്നതിനെ തുടർന്ന് പാകിസ്ഥാൻ സൈന്യം ഇന്ത്യയോട് യുദ്ധം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച കാര്യം അവർ ഓർമ്മിപ്പിച്ചു. “നശിപ്പിക്കപ്പെട്ട റൺവേകളും കത്തിയ ഹാംഗറുകളും വിജയമായി തോന്നുന്നുണ്ടെങ്കിൽ, പ്രധാനമന്ത്രി പറഞ്ഞതുപോലെ അത് പാകിസ്ഥാന് ആസ്വദിക്കാം, എന്നുമായിരുന്നു ശക്തമായ ഭാഷയിൽ പെറ്റലിന്റെ മറുപടി.

ജമ്മു കശ്മീരിലെ പഹൽഗാം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ‘ദി റെസിസ്റ്റൻസ് ഫ്രണ്ടിന്’ (TRF) യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാൻ സംരക്ഷണം നൽകാൻ ശ്രമിച്ച കാര്യവും അവർ ചൂണ്ടിക്കാട്ടി. ആഗോള ഭീകരതയ്ക്കെതിരായ യുദ്ധത്തിൽ പങ്കാളിയാണെന്ന് അവകാശപ്പെടുമ്പോഴും ഒസാമ ബിൻ ലാദന് ഒരു പതിറ്റാണ്ടോളം അഭയം നൽകിയ പാകിസ്ഥാൻ തീവ്രവാദത്തെ കയറ്റുമതി ചെയ്യുകയാണെന്നും അവർ ആരോപിച്ചു. പാകിസ്ഥാനുമായുള്ള എല്ലാ പ്രശ്നങ്ങളും ഉഭയകക്ഷി അടിസ്ഥാനത്തിൽ പരിഹരിക്കപ്പെടണമെന്ന് ഇന്ത്യയുടെ സ്ഥിരമായ നിലപാട് അവർ ആവർത്തിച്ചു. ഭീകര ക്യാമ്പുകൾ നിർത്തലാക്കുകയും ആവശ്യപ്പെട്ട ഭീകരരെ കൈമാറുകയും ചെയ്താൽ മാത്രമേ ഷെരീഫിൻ്റെ സംഭാഷണത്തിനായുള്ള ആഹ്വാനത്തെ ഇന്ത്യ പരിഗണിക്കൂ എന്നും അവർ വ്യക്തമാക്കി

ആരാണ് പെറ്റൽ ​ഗെഹലോട്ട്?

രാഷ്ട്രീയ ശാസ്ത്രം, പരിഭാഷ, അന്താരാഷ്ട്ര ബന്ധങ്ങൾ എന്നിവയിൽ വൈദഗ്ധ്യമുള്ള നയതന്ത്രജ്ഞയാണ് പെറ്റൽ ഗെഹലോട്ട്. 2023 ജൂലൈയിൽ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷനിൽ ഫസ്റ്റ് സെക്രട്ടറിയായി ചുമതലയേറ്റ അവർ 2024 സെപ്റ്റംബറിൽ അഡ്വൈസറായി നിയമിതയായി. മുമ്പ്, 2020 ജൂൺ മുതൽ 2023 ജൂലൈ വരെ വിദേശകാര്യ മന്ത്രാലയത്തിൻ്റെ യൂറോപ്യൻ വെസ്റ്റ് ഡിവിഷനിൽ അണ്ടർസെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ഇതിനിടയിൽ പാരീസിലെയും സാൻ ഫ്രാൻസിസ്കോയിലെയും ഇന്ത്യൻ മിഷനുകളിലും പ്രവർത്തിച്ചിട്ടുണ്ട്.

മുംബൈയിലെ സെൻ്റ് സേവ്യേഴ്‌സ് കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഫ്രഞ്ച് സാഹിത്യം എന്നിവയിൽ ബിരുദം നേടി. ഡൽഹിയിലെ ലേഡി ശ്രീറാം കോളേജ് ഫോർ വിമൻസിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. പിന്നീട് യുഎസിലെ മോണ്ടെറിയിലെ മിഡിൽബറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റർനാഷണൽ സ്റ്റഡീസിൽ നിന്ന് ലാംഗ്വേജ് ഇൻ്റർപ്രെറ്റേഷൻ ആൻഡ് ട്രാൻസ്ലേഷനിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്. ഔദ്യോഗിക നേട്ടങ്ങൾക്കപ്പുറം, ഗെഹലോട്ട് ഒരു നല്ല സംഗീതജ്ഞ കൂടിയാണ്. ഗിറ്റാർ വായിക്കുന്നതിൻ്റെ വീഡിയോകൾ അവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ‘ബെല്ല ചാവോ’, ‘കബീര’ (യേ ജവാനി ഹേ ദിവാനി) തുടങ്ങിയ ഗാനങ്ങളുടെ ആലാപനങ്ങൾ നേരത്തെ ശ്രദ്ധ നേടിയിരുന്നു.

Advertisement