25.8 C
Kollam
Wednesday 28th January, 2026 | 02:08:22 AM
Home News Breaking News ടിവികെ കരൂർ റാലി ദുരന്തം: വിജയ്‌യെ കുറ്റപ്പെടുത്താതെ ബിജെപി; നേതാക്കളുടെ മനസിലിരിപ്പ് എന്ത്?

ടിവികെ കരൂർ റാലി ദുരന്തം: വിജയ്‌യെ കുറ്റപ്പെടുത്താതെ ബിജെപി; നേതാക്കളുടെ മനസിലിരിപ്പ് എന്ത്?

Advertisement

ചെന്നൈ: രാജ്യത്തെ നടുക്കിയ ടിവികെ കരൂർ റാലി ദുരന്തത്തിൽ ഡിഎംകെയും കോൺഗ്രസും വിജയ്‌യെ കുറ്റപ്പെടുത്തുമ്പോൾ കരുതലോടെ പ്രതികരിക്കുകയാണ് ബിജെപി. വിജയ്‌യുടെ പേര് പറയാതെയാണ് ബിജെപി പ്രതികരിച്ചത്. വിജയ്‌യുടെ പേര് പറഞ്ഞില്ലെന്ന് മാത്രമല്ല, കരൂർ റാലി ദുരന്തത്തിൽ വിജയ്‌യെ കുറ്റപ്പെടുത്താനും തമിഴ്‌നാട്ടിലെ ബിജെപി നേതാക്കൾ തയ്യാറായില്ല. ടിവികെ എൻഡിഎക്ക് ഒപ്പം ചേരുമെന്ന പ്രതീക്ഷയാണോ ബിജെപിയുടെ മൗനത്തിന് കാരണമെന്നാണ് ഉയരുന്ന ചോദ്യം.

വിജയ്‌യും ടിവികെ നേതാക്കളുമാണ് ദുരന്തത്തിന് ഉത്തരവാദികളെന്ന് ഡിഎംകെ കുറ്റപ്പെടുത്തുന്നു. ആൾക്കൂട്ട ദുരന്തം വരുത്തിവച്ച വിജയ്‌‌യെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടു. എന്നാൽ ഈ സമയത്താണ് തങ്ങൾക്കെതിരെ പ്രസംഗത്തിലെല്ലാം വിമർശനം ഉന്നയിച്ച വിജയ്ക്കെതിരെ ബിജെപിയുടെ മൗനം. ദുരന്തത്തിൽ പ്രതികരിച്ച ബിജെപി ദേശീയ നേതാക്കളാരും വിജയ്‌യുടെ പേരെടുത്ത് പറഞ്ഞില്ല. തമിഴ്നാട് ബിജെപിയിലെ കരുത്തനായ നേതാവ് അണ്ണാമലൈ, ദുരന്തം പൊലീസിൻ്റെ പിടിപ്പുകേടെന്നാണ് കുറ്റപ്പെടുത്തിയത്.

ബിജെപിയുടെ തമിഴ്നാട് വിശാല പദ്ധതിയുടെ ഭാഗമാണോ ഈ മൗനമെന്നാണ് ഉയരുന്ന ചോദ്യം. എന്നും ബിജെപിയുടെ സ്വപ്നഭൂമിയാണ് തമിഴകം. തമിഴ്നാടിന്‍റെ പാരമ്പര്യം പേറിയ ചെങ്കോൽ കയ്യിലെടുത്ത മോദി, തഞ്ചാവൂരും രാമനാഥപുരവും രാമേശ്വരവും ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ പലതവണ സന്ദർശിച്ചു. ഉപരാഷ്ട്രപതിയായി തമിഴ്നാട്ടിൽ നിന്നുള്ള ആളെ അവരോധിച്ചു.

കരൂർ റാലി അപകടം: വിജയുടെ ആദ്യ പ്രതികരണം, ‘എന്റെ ഹൃദയം തകർന്നിരിക്കുന്നു, അസഹനീയമായ വേദനയും ദുഃഖവും’
എഐഎഡിഎംകെയുടെ പിന്തുണ കൊണ്ട് മാത്രം ഭരണം പിടിക്കാനാകില്ലെന്ന് അറിയുന്ന ബിജെപി, ടിവികെ രൂപംകൊണ്ടത് മുതൽ ഇവിടേക്ക് നോട്ടം വച്ചിരിക്കുകയാണ്. അതുകൊണ്ടുകൂടിയാണ് എല്ലാ വേദിയിലും മോദിയെ വിജയ് ശക്തമായി ആക്രമിക്കുമ്പോഴും തിരിച്ചടിക്കാൻ കിട്ടിയ അവസരത്തിൽ ബിജെപി അനങ്ങാതിരിക്കുന്നത്. ആപത്ഘട്ടത്തിൽ സഹായിച്ചു എന്ന തരത്തിൽ ഭാവിയിൽ വിജയ് നന്ദി പ്രകടിപ്പിക്കുമെന്നാണോ ബിജെപി പ്രതീക്ഷിക്കുന്നതെന്നാണ് ചോദ്യം.

Advertisement