ന്യൂയോർക്ക്: പാകിസ്ഥാന് യുഎന്നിൽ മറുപടി നൽകി ഇന്ത്യ. പാക്കിസ്ഥാൻ അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഡോ. എസ് ജയശങ്കർ. ഇന്ത്യ പഹൽഗാമിൽ ഇത് വീണ്ടും തിരിച്ചറിഞ്ഞു. ഭീകരവാദത്തെ ചെറുക്കുകയാണ് ലോകം നേരിടുന്ന സുപ്രധാന വെല്ലുവിളി. യുഎൻ വലിയ പ്രതിസന്ധി നേരിടുന്നുവെന്നും നീറുന്ന പ്രശ്നങ്ങളിൽ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും ഡോ. എസ് ജയശങ്കർ പറഞ്ഞു. ഇന്ത്യൻ നയതന്ത്രജ്ഞ പെറ്റൽ ഗഹ്‌ലോട്ടും നേരത്തെ ശക്തമായ മറുപടി നൽകിയിരുന്നു. ഷെരീഫിന്റെ പരാമർശങ്ങളെ “അസംബന്ധ നാടകങ്ങൾ” എന്നും വിശേഷിപ്പിച്ച അദ്ദേഹം “ഒരു നാടകത്തിനും യാഥാർത്ഥ്യങ്ങളെ മറച്ചുവെക്കാനാവില്ല” എന്നും വ്യക്തമാക്കിയിരുന്നു.
പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ..
നേരത്തെ, യുഎൻ പൊതുസഭയിൽ സംസാരിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, മെയ് മാസത്തിലെ സൈനിക നടപടിക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ ചർച്ച ചെയ്യുന്നതിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് “സജീവ പങ്ക്” വഹിച്ചതായി അവകാശപ്പെട്ടിരുന്നു. പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ “രാഷ്ട്രീയ നേട്ടം” നേടാൻ ശ്രമിച്ചുവെന്നും നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ടുവെന്നും ഷെരീഫ് ആരോപിച്ചു.
തങ്ങളുടെ “പ്രദേശിക അഖണ്ഡതയും ദേശീയ സുരക്ഷയും ലംഘിക്കപ്പെട്ടപ്പോൾ,” യുഎൻ ചാർട്ടറിൻ്റെ ആർട്ടിക്കിൾ 51 അനുസരിച്ചുള്ള “സ്വയം പ്രതിരോധത്തിനുള്ള അവകാശം” ഉപയോഗിച്ചാണ് പാക് സേന പ്രതികരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഏഴ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്നും, അദ്ദേഹം തെറ്റായ അവകാശവാദം ആവർത്തിച്ചു. ഇതിനുപുറമെ, ഷെരീഫ് സിന്ധു നദീജല കരാർ ലംഘിച്ചുവെന്ന് ഇന്ത്യക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തു.
ഗാസ ആക്രമണം; യുഎന്‍ പൊതുസഭയില്‍ ഒറ്റപ്പെട്ട് ഇസ്രായേല്‍, നെതന്യാഹുവിന് നേരിടേണ്ടി വന്നത് ബഹിഷ്കരണവും കൂകി വിളികളും
അതിനിടെ, ഗാസയിലെ യുദ്ധത്തില്‍ യുഎന്‍ പൊതുസഭയില്‍ ഒറ്റപ്പെട്ട് ഇസ്രായേല്‍. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുന്നതായി ലോകരാജ്യങ്ങളുടെ കുറ്റപ്പെടുത്തല്‍. പശ്ചിമേഷ്യന്‍ ചര്‍ച്ചകളില്‍ പുരോഗതിയെന്നും വെടിനിര്‍ത്തല്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കിലെ പലസ്തീന്‍ അനുകൂല റാലിയില്‍ പങ്കെടുത്ത കൊളംബിയന്‍ പ്രസിഡന്‍റിന്‍റെ വിസ അമേരിക്ക റദ്ദാക്കി.






































