ചണ്ഡീഗഡ് .ആറു ദശാബ്ദമായി രാജ്യത്തിന്റെ ആകാശരക്ഷയുടെ ചിഹ്നമായി നിന്ന മിഗ്–21 പോർവിമാനം ഔദ്യോഗികമായി വിരമിച്ചു.
അവസാന സ്കോഡ്രൺ വിമാനങ്ങളുടെ ഡികമ്മീഷനിംഗ് ചണ്ഡീഗഡ് വ്യോമതാവളത്തിൽ
നടന്നു. ഇന്ത്യക്ക് വേണ്ടി അത്ഭുതങ്ങൾ ചെയ്ത വിമാനമാണ് വിടപറയുന്നതെന്ന്
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
കാലം തെളിയിച്ച പടക്കുതിരയുടെ അവസാന പറക്കൽ. വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ
സേവനം പൂർത്തിയാക്കിയ ശേഷമാണ് മിഗ്–21 വിരമിക്കുന്നത്. ചണ്ഡിഗഡ് എയർബേസിൻറെ ഭാഗമായിരുന്ന നമ്പർ 23 , നമ്പർ 3
സ്വാഡ്രണിലെ പാന്തേഴ്സ്, കോബ്ര പോർവിമാനങ്ങളാണ് വിടപറയൽ ചടങ്ങിൽ അണിനിരന്നത്.

വ്യോമസേന മേധാവിയും ചടങ്ങിൽ മിഗ് 21 വിമാനം പറത്തി. ഒരു മണിക്കൂർ നീണ്ട വീറുറ്റ അഭ്യാസ പ്രകടനത്തിന് ശേഷം
ലാൻഡ് ചെയ്ത പോർവിമാനത്തിന് അവസാന വാട്ടർ സല്യൂട്ട് .
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കര,നാവിക സേന മേധാവിമാർ,
മുതിർന്ന ഓഫീസർമാർ, വിരമിച്ച പൈലറ്റുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മിഗ് 21ൻറെ ഫോം 700 ലോഗ് ബുക്ക് വ്യോമസേന മേധാവി പ്രതിരോധ മന്ത്രിക്ക്
കൈമാറിയതോടെ ഔദ്യോഗിക ഡീകമ്മീഷനിംഗ് പൂർത്തിയായി.
1963-ൽ ഇന്ത്യൻ വ്യോമസേനയിൽ ചേർന്ന മിഗ് 21 1971-ലെ ഇന്ത്യ–പാക് യുദ്ധം
മുതൽ 2019ലെ ബാലക്കോട്ട് വരെ വിജയഗാഥകൾ കുറിച്ചിട്ടുണ്ട്.
400-ലധികം അപകടങ്ങളും നൂറുകണക്കിന് പൈലറ്റുമാരുടെ ജീവഹാനിക്കും ഇടയാക്കിയ
വിമാനം പറക്കുന്ന ശവപ്പെട്ടി എന്ന പേരിലും കുപ്രചരണം നേരിട്ടിട്ടുണ്ട്.
മിഗ് 21 വിരമിച്ചതോടെ തേജസ്, റാഫേൽ, വരാനിരിക്കുന്ന AMCA പോലുള്ള പുതുതലമുറ ആധുനിക
പോർ വിമാനങ്ങളാണ് രാജ്യത്തിന്റെ ആകാശരക്ഷ ഇനി ഉറപ്പാക്കുക.
വിവാദങ്ങളും വിജയങ്ങളും നിറഞ്ഞ 62 വർഷത്തെ സേവനത്തിന് വിരാമമിട്ട മിഗ്–21 ഇനി ഇന്ത്യൻ വ്യോമസേനയുടെ
ചരിത്രത്തിലെ സുവർണ അദ്ധ്യായം.

































