പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി), അദ്ദേഹത്തിന്റെ സുഹൃത്തും സംഗീതജ്ഞനുമായ ശേഖർ ജ്യോതി ഗോസ്വാമിയെ അറസ്റ്റ് ചെയ്തു. സിങ്കപ്പൂരിൽ സുബീൻ കയറിയ യാത്രാബോട്ടിൽ ഒപ്പമുണ്ടായിരുന്നയാളാണ് ജ്യോതി ഗോസ്വാമി. അതേസമയം ഗോസ്വാമിയുടെ അറസ്റ്റിനേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഒന്നിലധികം സൂചനകളുമായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഗായകന്റെ മരണം അന്വേഷിക്കാൻ സ്പെഷ്യൽ ഡിജിപി എം.പി. ഗുപ്തയുടെ നേതൃത്വത്തിൽ 10 അംഗ പ്രത്യേക അന്വേഷണസംഘത്തെ അസം സർക്കാർ രൂപവത്കരിച്ചിട്ടുണ്ട്. ഗായകന്റെ മരണത്തിന് ദിവസങ്ങൾക്ക് ശേഷം അസമിൽ സുബീന്റെ മാനേജർക്കെതിരെ എസ്ഐടി റെയ്ഡ് നടത്തിയ അതേ ദിവസമാണ് സംഗീതജ്ഞന്റെ അറസ്റ്റുണ്ടായതെന്ന് വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു. സുബീൻ ഗാർഗിന്റെ മാനേജർ സിദ്ധാർത്ഥ് ശർമ്മയുമായി ബന്ധപ്പെട്ട ഗുവാഹാട്ടിയിലെ ദതാൽപാറയിലുള്ള സ്ഥലങ്ങളിലും അന്വേഷണസംഘം തിരച്ചിൽ നടത്തി.
സെപ്റ്റംബര്‍ 19 ന് സിങ്കപ്പൂരില്‍ വെച്ചുണ്ടായ ഒരു സ്‌കൂബ ഡൈവിങ് അപകടത്തിലാണ് സുബീന്‍ ഗാര്‍ഗ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗായകന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്ന് ഉറപ്പാക്കാന്‍ രണ്ടാമത്തെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമായിരുന്നു സംസ്‌കാരം. എന്നാല്‍ പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തുന്നത്.
































