ന്യൂഡെല്‍ഹി.2026ലെ സിബിഎസ്ഇ 10, 12 ക്ലാസുകളുടെ പരീക്ഷാ കലണ്ടർ പുറത്തിറക്കി. 2026 ഫെബ്രുവരി 17നും ജൂലൈ 15നും ഇടയിലാണ് പരീക്ഷകൾ നടക്കുക. ഇന്ത്യയിലും 26 വിദേശ രാജ്യങ്ങളിലുമായി ഏകദേശം 45 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതുക. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17ന് ആരംഭിക്കും. കണക്ക് ആയിരിക്കും ആദ്യത്തെ പരീക്ഷ. മാർച്ച് 9ന് ഭാഷാ പേപ്പറോടെ പത്താം ക്ലാസ് പരീക്ഷ അവസാനിക്കും. 12-ാം ക്ലാസ് പരീക്ഷകളും ഫെബ്രുവരി 17ന് ആരംഭിക്കും. ഏപ്രിൽ 4നായിരിക്കും 12-ാം ക്ലാസ് പരീക്ഷകൾ അവസാനിക്കുക. രാവിലെ 10.30ന് ആയിരിക്കും എല്ലാ വിദ്യാർഥികളുടെയും പരീക്ഷകൾ ആരംഭിക്കുക. പരീക്ഷ പൂർത്തിയായി പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ആരംഭിക്കും.
2026 മുതൽ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടു തവണ നടത്തുമെന്ന് സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നു.


























