25.8 C
Kollam
Wednesday 28th January, 2026 | 02:07:38 AM
Home News National ലഡാക്കിന് സംസ്ഥാനപദവി ആവശ്യപ്പെട്ട് ലേയില്‍ നടന്ന പ്രതിഷേധത്തില്‍ 4 മരണം

ലഡാക്കിന് സംസ്ഥാനപദവി ആവശ്യപ്പെട്ട് ലേയില്‍ നടന്ന പ്രതിഷേധത്തില്‍ 4 മരണം

Advertisement

ലഡാക്കിന് സംസ്ഥാനപദവി ആവശ്യപ്പെട്ട് ലേയില്‍ നടന്ന പ്രതിഷേധത്തില്‍ നാലുമരണം. 70 പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷത്തേത്തുടര്‍ന്ന് ലഡാക്കില്‍ ലെഫ്.ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്ത കര്‍ഫ്യൂ പ്രഖ്യാപിച്ചു.  ലഡാക് അപെക്സ് ബോഡിയുടെ യുവജന വിഭാഗം ആഹ്വാനം ചെയ്ത ബന്ദിനിടെയാണ് സംഘര്‍ഷമുണ്ടായത്. ബി.ജെ.പി ആസ്ഥാനത്തിന് മുന്നില്‍ സംഘടിച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ബലംപ്രയോഗിച്ചു. ഇതോടെ പൊലീസിനുനേരെ കല്ലേറുണ്ടായി. പിന്നാലെ ബി.ജെ.പി. ഓഫിസും നിരവധി പൊലീസ് വാഹനങ്ങളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. മണിക്കൂറുകള്‍ ലേ നഗരത്തില്‍ തെരുവുയുദ്ധമായിരുന്നു. 


ലഡാക്കിന് സംസ്ഥാന പദവി വേണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണം എന്നും ആവശ്യപ്പെട്ട് നിരാഹാരമിരിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക് അടക്കം രണ്ടുപേരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതെ തുടര്‍ന്നാണ് ലെ അപെക്സ് ബോഡി ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തത്. സംഘര്‍ഷത്തിന് പിന്നാലെ ലേയില്‍ പ്രതിഷേധപ്രകടനങ്ങള്‍ വിലക്കി ഭരണകൂടം ഉത്തരവിറക്കി. അക്രമം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിക്കുകയാണെന്നും അറിയിച്ചു. ലഡാക്കിലെ സംഘടനകളുമായി അടുത്തമാസം ആറിന് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്താനിരിക്കെയാണ് സംഘര്‍ഷം.

Advertisement