വിളവെടുപ്പ് സമയമാകാറായി…. ആപ്പിള്‍ വിലയില്‍ കുത്തനെ ഇടിവ്; കര്‍ഷകര്‍ പ്രതിസന്ധിയില്‍

Advertisement

വിളവെടുപ്പ് സമയമാകാറാകുമ്പോള്‍ ആപ്പിള്‍ വിലയില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തുന്നത് കശ്മീരിലെ ആപ്പിള്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ജമ്മു- ശ്രീനഗര്‍ ദേശീയപാതയിലെ പ്രശ്‌നങ്ങളും വിതരണത്തിലുണ്ടാകുന്ന തടസങ്ങളുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. മൊത്തവിലയ്ക്ക് ചന്തകളില്‍ സാധാരണയായി 700 മുതല്‍ 1,200 രൂപ വരെ വിലവരുന്ന ഒരു കാര്‍ട്ടണ്‍ ആപ്പിള്‍ ഇപ്പോള്‍ 300 – 700 രൂപയ്ക്കാണ് വില്‍ക്കുന്നുതെന്നാണ് റിപ്പോര്‍ട്ട്.
കശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ജമ്മു-ശ്രീനഗര്‍ ഹൈവേ ഇടയ്ക്കിടെ അടച്ചിടുന്നതും ഹൈവേയിലെ തിരക്കുമാണ് കര്‍ഷകരുടെ ദുരിതം വര്‍ദ്ധിപ്പിക്കുന്നത്. മണ്ണിടിച്ചിലും അറ്റകുറ്റപ്പണികളും കാരണം ആഗസ്ത് പകുതി മുതല്‍ ഹൈവേ ഇടയ്ക്കിടെ അടച്ചിടുന്നുണ്ട്. ഇത് കയറ്റുമതി വൈകിപ്പിക്കുകയും മണ്ഡികളില്‍ സ്റ്റോക്കുകള്‍ കുന്നുകൂടാന്‍ കാരണമാവുകയും ചെയ്യുന്നു.
താഴ്വരയില്‍, 60 മുതല്‍ 70 ശതമാനം വരെ ആളുകള്‍ നേരിട്ടോ അല്ലാതെയോ ആപ്പിള്‍ വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. വിപണി വില ഉയര്‍ന്നില്ലെങ്കില്‍ നിരവധി പേരുടെ ജീവിതത്തെയാണ് ബാധിക്കുക. ആപ്പിള്‍ വിളവെടുപ്പ് അതിന്റെ ഉച്ചസ്ഥായിയിലായിരിക്കുന്ന സമയത്താണ് വില ഇടിഞ്ഞതെന്നത് കര്‍ഷകരെ കൂടുതല്‍ ആശങ്കയിലാക്കുന്നു.

Advertisement