ആനയടി ഉത്സവം: സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി

Advertisement

ആനയടി പഴയിടം ശ്രീനരസിംഹ സ്വാമിക്ഷേത്രത്തില്‍ ജനുവരി 20ന് നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് എ.ഡി.എം ജി. നിര്‍മല്‍കുമാര്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അറിയിച്ചു. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തില്‍ എഴുന്നള്ളത്ത് സമയങ്ങളില്‍ ആനകള്‍ തമ്മില്‍ കൃത്യമായ അകലം വേണമെന്നും നാട്ടാന പരിപാലനചട്ടം കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശിച്ചു. ആനയുടെ അടുത്ത് പോപ്പറുകള്‍, പടക്കം തുടങ്ങിയവ ഉപയോഗിക്കരുത്.
ഉത്സവപരിസരത്ത് ഡ്രോണ്‍ പറത്തുന്നത് അനുവദിക്കില്ല. ആനകളുടെ പൂര്‍ണ വിവരങ്ങള്‍ സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന് സംഘാടകര്‍ കൈമാറണം. ഗതാഗത നിയന്ത്രണം, ക്രമസമാധാനപരിപാലനം പോലീസ് ഉറപ്പാക്കും. രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ ഉത്സവമേഖലയായി പ്രഖ്യാപിക്കും. സമ്പൂര്‍ണ ഹരിതചട്ടപാലനം നടപ്പാക്കാന്‍ ശുചിത്വ മിഷനെ ചുമതലപ്പെടുത്തി.
ഉത്സവശേഷം മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ ഏജന്‍സികള്‍ക്ക് കൈമാറണം. ആംബുലന്‍സ് സേവനവും പ്രഥമശുശ്രൂഷാ സംവിധാനവും സജ്ജമാക്കും. മദ്യം, നിരോധിത ലഹരി ഉത്പന്നങ്ങള്‍ എന്നിവയുടെ വില്‍പന തടയുന്നതിന് ഉത്സവദിവസം ഡ്രൈഡേയായി പ്രഖ്യാപിക്കും. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കും. അടിയന്തരഘട്ടങ്ങളില്‍ അഗ്നിരക്ഷാവകുപ്പിന്റെ വാഹനങ്ങള്‍, ആംബുലന്‍സുകള്‍ എന്നിവയ്ക്ക് സുഗമമായി സഞ്ചരിക്കാന്‍ പ്രത്യേകപാത ഒരുക്കും. തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ ജനുവരി 14ന് റവന്യൂ, പോലീസ്, വനം, ക്ഷേത്രഭരണസമിതി അംഗങ്ങള്‍ എന്നിവരുടെ പ്രത്യേകയോഗം ചേരാനും തീരുമാനിച്ചു. യോഗത്തില്‍ ക്ഷേത്രഭരണസമിതി അംഗങ്ങള്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here