ദേശിംഗനാടിന്റെ ജലകേളീരവത്തിന് നാടൊരുങ്ങി. അഷ്ടമുടിയുടെ ഓളപരപ്പിലേക്ക് ആവേശത്തിന്റെ തുഴപ്പാടുകള്‍ പതിയാന്‍ ഇനി രണ്ടുനാള്‍. പുതുവര്‍ഷത്തിലെ പത്താംനാളിലാണ് ഇത്തവണത്തെ പ്രസിഡന്റ്സ് ട്രോഫി വള്ളംകളി. ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ കലാശപോരാട്ടവും ഇതോടൊപ്പമുണ്ട്.
തേവള്ളികൊട്ടാരത്തിന് സമീപത്തുനിന്നാണ് പ്രസിഡന്റ്സ് ട്രോഫി-സി.ബി.എല്‍ മത്സരാരംഭം. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനു സമീപത്തെ ബോട്ട്ജെട്ടിവരെ 1,100 മീറ്ററിലാണ് അവസാനിക്കുക. വനിതകളുടെ വള്ളങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് വള്ളങ്ങള്‍ പങ്കെടുക്കും. ഫലപ്രഖ്യാപനത്തില്‍ ആധുനികസാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാണ് കൃത്യത ഉറപ്പാക്കുന്നത്.
പരിപാടിയുടെപ്രചരണാര്‍ഥം കലാ-കായികപരിപാടികള്‍ നടത്തുന്നുണ്ട്. കഥാപ്രസംഗം, വഞ്ചിപ്പാട്ട് ഉള്‍പ്പെടെ സാംസ്‌കാരിക ഘോഷയാത്രയും സംഘടിപ്പിക്കും. ജനപ്രതിനിധികളുടേയും ജില്ലാ കലക്ടറുടേയും നേതൃത്വത്തിലുള്ള ടീമുകള്‍ പങ്കെടുക്കുന്ന ഫുട്ബോള്‍, വടംവലി, കബഡി മത്സരങ്ങളാണ് വിളംബരമാകുക.
Advertisement































