തെന്മല : കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ ചെന്നൈ സ്വദേശികളായ ശബരിമല തീർത്ഥാടകർ ഒഴുക്കിൽപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 1.30 തെന്മല ഒറ്റക്കൽ പാറക്കടവ് ഭാഗത്ത് കല്ലടയാറ്റിൽ ആയിരുന്നു സംഭവം. ശബരിമല ദർശനത്തിന് ശേഷം മടങ്ങി വരികയായിരുന്ന മുപ്പത്തഞ്ചോളം പേരടങ്ങിയ അയ്യപ്പ ഭക്തരുടെ സംഘത്തിലെ രണ്ടുപേരാണ് ഒഴുക്കിൽപ്പെട്ടത്. കുട്ടികൾ ഉൾപ്പെടെയാണ് കുളിയാക്കാനായി ഇറങ്ങിയത്. ഇതിൽ രണ്ടുപേർ ഒഴുക്കിൽപ്പെടുകയായിരുന്നു. അല്പം ദൂരം മാത്രം ഒഴുകിയ ഇരുവരും സമീപത്തെ പാറയിൽ പിടിച്ച് കരയിലേക്ക് കയറിയതിനാൽ ജീവൻ രക്ഷപ്പെട്ടു. വേനൽക്കാല ജലവിതരണത്തിനായി കനാലുകളിലും ഷട്ടറുകളിലും അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി ആറ്റിൽ ജലനിരപ്പ് ക്രമീകരിച്ചിരിക്കുന്നതിനാൽ വെള്ളം കുറവായിരുന്നു. മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ വെള്ളത്തിലിറങ്ങിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.ദൂരസ്ഥലങ്ങളിൽനിന്ന് എത്തുന്നവർക്ക് കാഴ്ചയിൽ അപകടഭീഷണി തോന്നില്ലെങ്കിലും പാറയിടുക്കുകളിലൂടെ ശക്തമായ ഒഴുക്കുണ്ട്. വിനോദസഞ്ചാരികളും അയ്യപ്പഭക്തരും കുളിക്കാനും ഫോട്ടോയെടുക്കാനും ഇറങ്ങുന്നത് അപകട ഭീഷണി ഉയർത്തുന്നു. അപകടഭീഷണി സൂചിപ്പിച്ച് ജലസേചനവകുപ്പ് അധികൃതർ നിയന്ത്രണവേലിയും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ വേലി തള്ളിമാറ്റിയാണ് സഞ്ചാരികൾ ഇവിടേക്കെത്തുന്നതെന്നും പാറയിടുക്കുകളിൽ വൻ വിടവുകളുള്ളതിനാൽ വീണുപോയാൽ നീന്തിരക്ഷപ്പെടാൻ സാധിക്കില്ലെന്നും വെള്ളം കുറഞ്ഞ സമയത്തുപോലും പ്രദേശത്ത് ഒട്ടേറെ അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.
Advertisement































