ശാസ്താംകോട്ട:ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ട അജ്ഞാത യുവാവ് കുന്നത്തൂർ സ്വദേശിയെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.കുന്നത്തൂർ ഒന്നാം വാർഡ് മാനാമ്പുഴ നല്ലൂർ പുത്തൻവീട്ടിൽ സണ്ണി ഐസക്ക് മാത്യുവിൻ്റെയും ലിസിയുടെയും മകൻ
നോബിൾ ടി മാത്യുവാണ് (38) മരിച്ചത്.സംസ്കാരം ഇന്ന് 3ന് കടമ്പനാട് എള്ളുംവിള മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ.മാനസിക അസ്വാസ്ഥ്യമുള്ള നോബിൾ കുന്നത്തൂർ പി.എച്ച്.സിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്.തിരിച്ച് എത്താതായതോടെ പരിഭ്രാന്തരായ വീട്ടുകാർ ശാസ്താംകോട്ട
പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോൾ,പൊലീസിൻ്റെ നിർദ്ദേശ പ്രകാരം താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിയുകയായിരുന്നു.ചൊവ്വാഴ്ച രാവിലെ 10.30 ഓടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള
ഐലൻ്റ് എക്സ്പ്രസ് ട്രെയിൻ വരുമ്പോഴാണ് ഫ്ലൈ ഓവറിന് താഴ്ഭാഗത്ത് ലൂപ്പ് ലൈനിൽ യുവാവിൻ്റെ മൃതദ്ദേഹം കാണപ്പെട്ടത്.എന്നാൽ ട്രെയിൻ തട്ടുന്നതോ ട്രെയിനിൽ നിന്ന് വീഴുന്നതോ ആരും കണ്ടിരുന്നില്ല.വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട പോലീസ് സ്ഥലത്ത് എത്തി തുടർ നടപടി സ്വീകരിക്കുകയും മൃതദ്ദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.






































