മാവേലിക്കര: കഴിഞ്ഞ രണ്ടാഴ്ചക്കാലമായി കുറത്തികാട്, കായംകുളം, വള്ളികുന്നം പോലീസ് സ്റ്റേഷന്‍ പരിധികളിലെ കായംകുളം പുനലൂര്‍ റോഡിന് സമീപമുള്ള നിരവധി കടകളില്‍ വ്യാപകമായി മോഷണം നടത്തി വന്നിരുന്ന പ്രതിയെ കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തു.
നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കൊല്ലംചവറ തെക്കുംഭാഗം മുരിങ്ങവിളയില്‍ വീട്ടില്‍ ഷാജി എന്നും, പരാതി കുട്ടപ്പന്‍ എന്നും അറിയപ്പെടുന്ന മധു (57) വിനെയാണ് അറസ്റ്റ് ചെയ്തത്.
ഈ മാസം 14ന് കറ്റാനത്തിനു സമീപമുള്ള ഹോട്ടലിന്റെ മുന്‍വാതില്‍ തകര്‍ത്ത് പണവും, മൊബൈല്‍ ഫോണുകളും മോഷ്ടിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സമീപ ദിവസങ്ങളില്‍ കായംകുളം, വള്ളികുന്നം പോലീസ് സ്റ്റേഷന്‍ പരിധികളില്‍ സമാനരീതിയില്‍ മോഷണങ്ങള്‍ നടന്നിട്ടുള്ളതായി കണ്ടെത്തി. തുടര്‍ന്ന് ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം. കെ. ബിനുകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പോലീസ് പല സംഘങ്ങളായി തിരിഞ്ഞ് മോഷണം നടന്ന പ്രദേശങ്ങളില്‍ നടത്തിയ അന്വേഷണത്തിലും, സമീപകാലയളവില്‍ ജയില്‍മോചിതരായ മോഷ്ടാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പകല്‍ സമയങ്ങളില്‍ നീണ്ടകര ഹാര്‍ബറില്‍ തങ്ങി, രാത്രി കാലങ്ങളില്‍ മോഷണം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ബസ്സില്‍ എത്തി സൈക്കിളില്‍ കറങ്ങി നടന്നാണ് മോഷണം നടത്തിയിരുന്നത്.
സിസിടിവി ഉള്ള സ്ഥാപനങ്ങളില്‍ പ്രതി മോഷണം നടത്തിയ ശേഷം ഹാര്‍ഡ് ഡിസ്‌ക്ക് എടുത്തുകൊണ്ടു പോയി നശിപ്പിച്ചു കളയാറാണ് പതിവ്. നൂറനാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണം നടത്തിയതിന് റിമാന്‍ഡില്‍ കഴിയവേ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് പ്രതി മോഷണം നടത്തി വന്നിരുന്നത്.
കൊല്ലം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ ചവറ ഭാഗത്തുണ്ടന്നുള്ള വിവരം ലഭിച്ചതിനാല്‍ ഒരാഴ്ചയോളം പോലീസ് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് നീണ്ടകര ഹാര്‍ബര്‍ ഭാഗത്തു നിന്ന് പ്രതിയെ അറസ്റ്റു ചെയ്തത്. പോലീസിനെ കണ്ട് ഓടിയ പ്രതി കടലില്‍ ചാടിയെങ്കിലും സമീപത്തുണ്ടായിരുന്നവരുടെയും, മത്സ്യ തൊഴിലാളികളുടെയും സഹായത്താല്‍ പോലീസ് പ്രതിയെ കീഴടക്കുകയായിരുന്നു.
മോഷണ കേസുകളില്‍ പിടിയിലാകുന്ന പരാതി കുട്ടപ്പന്‍ ജാമ്യത്തിലിറങ്ങിയോ, ശിക്ഷ കഴിഞ്ഞിറങ്ങിയോ വീണ്ടും മോഷണം നടത്താറാണ് പതിവ്. കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, ചവറ, ശക്തികുളങ്ങര, തെക്കുംഭാഗം, ഓച്ചിറ, നൂറനാട്, കുറത്തികാട് എന്നീ പോലീസ് സ്റ്റേഷനുകളിലായി 25 ഓളം മോഷണ കേസുകളിലെ പ്രതിയാണ് പിടിയിലായത്.
കുറത്തികാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എ.വി. ബിജു, എസ്‌ഐ വി. ഉദയകുമാര്‍, എഎസ്‌ഐമാരായ രാജേഷ്. ആര്‍ നായര്‍, രജീന്ദ്രദാസ്, സീനിയര്‍ സിപിഒ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുണ്‍ ഭാസ്‌കര്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.































