പത്രം | മലയാള ദിനപത്രങ്ങളിലൂടെ | 2025 | ഡിസംബർ 23 | ചൊവ്വ 1201 | ധനു 8 | തിരുവോണം

Advertisement

തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും കൂടുതൽ വോട്ട് നേടി

സംസ്ഥാനത്തെ തദ്ദേശതിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച പാർട്ടിയായി ഇത്തവണ കോൺഗ്രസ് മാറി. 29.17 ശതമാനം വോട്ടാണ് കോൺഗ്രസിന് ലഭിച്ചത്. സിപിഎമ്മിന് 27.16 ശതമാനം വോട്ട് വിഹിതമാണ് ലഭിച്ചത്. ബിജെപിക്ക് 14.76 ശതമാനം വോട്ടും ലഭിച്ചു. മുന്നണി തിരിച്ചുള്ള കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടതിന് പിന്നാലെയാണ് പാർട്ടി തിരിച്ചുള്ള കണക്കും പുറത്തുവിട്ടിരിക്കുന്നത്. കോൺഗ്രസ് 8 ജില്ലകളിൽ 30 ശതമാനത്തിലേറെ വോട്ട് നേടിയപ്പോൾ, സിപിഎമ്മിന് 2 ജില്ലകളിൽ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കാനായത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളൊഴികെ ബാക്കി എല്ലാ ജില്ലകളിലും കോൺഗ്രസ് 30 ശതമാനത്തിലേറെ വോട്ടുകളാണ് നേടിയത്. സിപിഎം ആകട്ടെ, കണ്ണൂരിലും പാലക്കാടും മാത്രമാണ് 30 ശതമാനത്തിലേറെ വോട്ടുകൾ നേടിയത്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ കോൺഗ്രസ് ഒന്നാമതാണ്. ബിജെപിയാകട്ടെ ഒരു ജില്ലയിൽ പോലും 30 ശതമാനം വോട്ട് നേടിയിട്ടില്ല. ബിജെപി 20 ശതമാനത്തിലേറെ വോട്ട് വിഹിതം സ്വന്തമാക്കിയത് തിരുവനന്തപുരം ജില്ലയിൽ മാത്രമാണ്. മുസ്ലിം ലീഗിന് 9.77 ശതമാനവും സിപിഐയ്ക്ക് 5.58 ശതമാനവും കേരള കോൺഗ്രസ് മാണി വിഭാഗത്തിന് 1.62 ശതമാനവും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് 1.33 ശതമാനം വോട്ടുമാണ് ലഭിച്ചത്.

തിരുവനന്തപുരം കോർപ്പറേഷൻ പരാജയത്തിൽ സിപിഎം ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം

തിരുവനന്തപുരം കോർപ്പറേഷനിലെ പരാജയത്തിൽ സിപിഎം ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. മേയറായിരുന്ന ആര്യ രാജേന്ദ്രന്റെ അഹങ്കാരം, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന ആഗോള അയ്യപ്പ സംഗമത്തിൽ വായിച്ചത്, വെള്ളാപ്പള്ളിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ കാർ യാത്ര, ശബരിമല സ്വർണക്കൊള്ള, ജില്ലയിലെ വിഭാഗീയത തുടങ്ങിയ വിഷയങ്ങളിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ അതിരൂക്ഷ വിമർശനമാണ് ഉയർത്തിയത്. മേയറുടെ അഹങ്കാരവും കടുകാര്യസ്ഥതയും തിരിച്ചടിയായെന്ന് ഭൂരിഭാഗം നേതാക്കളും ജില്ലാ കമ്മിറ്റിയിൽ വിമർശിച്ചു.

വോട്ടർ പട്ടിക പരിഷ്കരണത്തിൽ തെറ്റുകൾ ചൂണ്ടിക്കാട്ടി കേരളം കേന്ദ്രത്തിന് കത്ത്

തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം. താളപ്പിഴകൾ അക്കമിട്ട് നിരത്തിയാണ് ചീഫ് സെക്രട്ടറിയുടെ കത്ത്. എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടണമെന്നും 25 ലക്ഷം പേർ ഒഴിവാക്കപ്പെട്ടതായും കേരളം പറയുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനാണ് കത്ത് നൽകിയത്.

നിയമസഭാ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങി യുഡിഎഫ്

നിയമസഭാ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങാന്‍ തയ്യാറെടുത്ത് യുഡിഎഫ്. മിഷൻ 2026 ന് ജനുവരിയിൽ രൂപം നൽകും. ജനുവരിയിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് തീരുമാനം. ഫെബ്രുവരിയിൽ പ്രകടന പത്രിക പുറത്തിറക്കും.

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് യുഡിഎഫ് ആത്മവിശ്വാസത്തോടെ

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് യുഡിഎഫ് നീങ്ങുന്നത് ആത്മവിശ്വാസത്തോടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിന്റെ വികസനത്തിനും സമഗ്ര മാറ്റത്തിനും ആവശ്യമായ നിരവധി പരിപാടികൾ യുഡിഎഫ് മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തുമെന്നും ഇതിനായി എല്ലാ മേഖലകളിലും ഗവേഷണ തുല്യ പഠനം നടത്തുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

പി.വി. അൻവറിന് പുതുയുഗപ്പിറവി

തനിക്കും തന്റെ പ്രസ്ഥാനത്തിനും പുതുയുഗപ്പിറവിയെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ. ഐക്യജനാധിപത്യ മുന്നണിയുടെ നേതാക്കൾക്കും പ്രവർത്തകർക്കും ഉന്നതമായ പ്രതിജ്ഞാബദ്ധത പകരം നൽകാൻ താനും ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസും സദാ സന്നദ്ധമായിരിക്കുമെന്നും പി.വി. അൻവർ ഫെയ്സ്ബുക്കിൽ കുറിച്ചു. യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കിയതിനു പിന്നാലെയായിരുന്നു പി.വി. അൻവറിന്റെ പ്രതികരണം.

മെഡിസെപ് പ്രീമിയം തുക വർധിപ്പിച്ചു

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിന്റെ പ്രീമിയം തുക വർധിപ്പിച്ചു. ഇൻഷുറൻസ് പ്രീമിയം മാസം 500 രൂപയിൽ നിന്ന് 810 ആയി വർധിപ്പിച്ചു. ഇതോടെ ഒരു വർഷം 8237 രൂപയും ജിഎസ്ടിയും പ്രീമിയം തുകയായി നൽകണം. പെൻഷൻകാർക്ക് പ്രീമിയം തുക പെൻഷൻ തുകയിൽ നിന്ന് ഈടാക്കും. ഇതിനെ നിയമപരമായി നേരിടാൻ പ്രതിപക്ഷ സർവീസ് സംഘടനകൾ തീരുമാനിച്ചതായാണ് വിവരം.

സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകൾ

ജനപ്രിയ ഓഫറുകളുമായി സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകൾ. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നായനാർ പാർക്കിൽ മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. ജനുവരി 1 വരെയാണ് ഫെയറുകൾ പ്രവർത്തിക്കുക. ആറ് ജില്ലകളിൽ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകൾ നടക്കുന്നത്.

നടിയെ ആക്രമിച്ച കേസ്: വീഡിയോ ഷെയർ ചെയ്ത മൂന്ന് പേർ അറസ്റ്റിൽ

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ രണ്ടാം പ്രതി മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ 3 പേർ അറസ്റ്റിൽ. മാർട്ടിന്റെ വീഡിയോ ഫെയ്സ്ബുക്ക് പേജുകളിൽ വാണിജ്യ അടിസ്ഥാനത്തിൽ അപ്‌ലോഡ് ചെയ്തവർ ഉൾപ്പെടെ മൂന്ന് പേരെയാണ് തൃശൂർ സിറ്റി പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളായ ഇവർ പണം വാങ്ങി ദുരുദ്ദേശപരമായി വീഡിയോ ഷെയർ ചെയ്തതായി പൊലീസ് കണ്ടെത്തി.

മലപ്പുറം ജില്ലയിൽ ആനകളെ എഴുന്നള്ളിക്കുന്നതിന് കർശന നിർദേശങ്ങൾ

ഉത്സവ സീസൺ ആരംഭിച്ചതിനാൽ ഉത്സവങ്ങൾക്കും നേർച്ചകൾക്കും ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകൾ മലപ്പുറം ജില്ലയിൽ കർശനമാക്കി. ആനകളെ ഉപയോഗിച്ച് എഴുന്നള്ളിപ്പ് നടത്തുന്ന ഉത്സവങ്ങളിൽ അപകടങ്ങൾ കുറയ്ക്കുന്നതിനും നാട്ടാന പീഡനം തടയുന്നതിനും പാലിക്കേണ്ട നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി കളക്ടറുടെ ചേംബറിൽ ചേർന്ന ജില്ലാതല അവലോകന യോഗത്തിലാണ് കർശന തീരുമാനങ്ങൾ കൈക്കൊണ്ടത്.

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ അച്ചടക്കവും സത്യസന്ധതയും മുഖമുദ്രയാക്കണം: ഗണേഷ് കുമാർ

പൊലീസ് ട്രെയിനിംഗിലൂടെ മികച്ച പരിശീലനം ലഭിച്ചിട്ടുള്ള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ അച്ചടക്കവും സത്യസന്ധതയും മുഖമുദ്രയാക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന മോട്ടോർ വാഹന വകുപ്പ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാളയാർ ആൾക്കൂട്ടക്കൊല: പ്രതികളിൽ നാല് പേർ ബിജെപി അനുഭാവികൾ

വാളയാർ ആൾക്കൂട്ടക്കൊല കേസിൽ പിടിയിലായ പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. കേസിലെ 4-ാം പ്രതി സിഐടിയു പ്രവർത്തകനാണെന്നും റിപ്പോർട്ടിലുണ്ട്. അതിനിടെ, കൂട്ടക്കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി. എന്നാൽ ആരോപണം ബിജെപി നിഷേധിച്ചു.

വാളയാർ കൊലപാതകത്തിൽ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിക്കും

വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ മരണപ്പെട്ട റാം നാരായണൻ ബഗേലിന്റെ മൃതദേഹവും കുടുംബാംഗങ്ങളെയും വിമാന മാർഗം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചെന്ന് തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. റാം നാരായണൻ ബഗേലിന്റെ മൃതദേഹം ഇന്ന് രാവിലെ കൊച്ചിയിൽ നിന്ന് വിമാനത്തിൽ റായ്പൂരിലെത്തിക്കുമെന്ന് കളക്ടർ അറിയിച്ചു.

സുരേഷ് ഗോപി വ്യാജ വോട്ട് കേസ്: ബിഎൽഒയ്ക്ക് കോടതി നോട്ടീസ്

കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജ വോട്ട് ചേർത്തെന്ന പരാതിയിൽ ബിഎൽഒയ്ക്ക് നോട്ടീസ് അയച്ച് കോടതി. കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ ഹർജിയിൽ തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. സുരേഷ് ഗോപിയും സഹോദരനും ബിഎൽഒയുമായി ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് ആക്ഷേപം. ബിഎൽഒ ജനുവരി 20ന് നേരിട്ട് ഹാജരാകണമെന്ന് കോടതി പറഞ്ഞു.

കായംകുളം മുനിസിപ്പൽ കൗൺസിലർ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

ആലപ്പുഴ കായംകുളത്ത് തട്ടിപ്പ് കേസിൽ മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ. കായംകുളം മുനിസിപ്പാലിറ്റി 26-ാം വാർഡിൽ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ആലുംമൂട്ടിൽ നുജുമുദ്ദീനാണ് അറസ്റ്റിലായത്. സഹകരണ സംഘത്തിൽ നിന്ന് കോടികൾ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.

മാവേലിക്കരയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു

മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) ആണ് മരിച്ചത്. വൃക്കയിലെ കല്ല് നീക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് സംഭവം. യുവതിയുടെ മരണത്തിൽ ചികിത്സാ പിഴവുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. നിലവിൽ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

നെടുമങ്ങാട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിൽ രണ്ട് മരണം

നെടുമങ്ങാട് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചു. പൊട്ടിത്തെറിയിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലിരുന്ന അഴിക്കോട് സ്വദേശി നവാസ് (55) ഇന്നലെ പുലർച്ചെയും പാലോട് പ്ലാവറ സ്വദേശി സിമി സന്തോഷ് (45) ഇന്ന് രാവിലെയുമാണ് മരിച്ചത്. കഴിഞ്ഞ 14നായിരുന്നു അഴിക്കോട് ജംഗ്ഷനിലെ ഹോട്ടലിൽ ഗ്യാസ് ചോർന്ന് പൊട്ടിത്തെറിയുണ്ടായത്.

പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ

കണ്ണൂർ പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സൂചന. മുതിർന്നവർ രണ്ടു പേരും തൂങ്ങിയ നിലയിലും കുട്ടികൾ താഴെ കിടക്കുന്ന നിലയിലുമാണ് മൃതദേഹങ്ങൾ. ഭാര്യയുമായി വേർപിരിഞ്ഞ് താമസിക്കുന്ന കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടു മക്കളെയും ഭാര്യക്കൊപ്പം വിടാൻ കോടതി വിധി വന്നതിനു പിന്നാലെ കുഞ്ഞുങ്ങളെയും അമ്മയേയും കൂട്ടി കലാധരൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് സൂചന.

ദേശീയ വിദ്യാഭ്യാസനയത്തിൽ എഐ പാഠങ്ങൾ ഉൾപ്പെടുത്തും

ദേശീയ വിദ്യാഭ്യാസനയം പ്രകാരം സ്കൂൾ വിദ്യാഭ്യാസത്തിൽ നിർമിത ബുദ്ധിയെക്കുറിച്ചുള്ള പാഠങ്ങൾ സമഗ്രമായി ഉൾപ്പെടുത്താനുള്ള നടപടികൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഊർജിതമാക്കി. ഇതിന്റെ ഭാഗമായി പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി എഐ പാഠപുസ്തകങ്ങളും സിലബസും തയ്യാറാക്കാൻ നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് പ്രത്യേക സമിതിയെ നിയോഗിച്ചു.

ഗോവ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി

ഗോവയിലെ ജില്ലാ പരിഷത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സീറ്റുകൾ കുറഞ്ഞെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി. ആകെയുള്ള 50 സീറ്റുകളിൽ 23 സീറ്റ് നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. കഴിഞ്ഞതവണ 33 സീറ്റുകളിൽ വിജയിച്ച ബിജെപിക്ക് ഇത്തവണ പത്തുസീറ്റുകൾ കുറഞ്ഞു. ഏറ്റവും ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം ബിജെപി-എംജിപി സഖ്യം ആകെ 30 സീറ്റുകൾ നേടി. അതേസമയം കഴിഞ്ഞതവണ നാലുസീറ്റുകൾ മാത്രമുണ്ടായിരുന്ന കോൺഗ്രസ് ഇത്തവണ ഒൻപതുസീറ്റുകളിൽ വിജയിച്ചു.

ഹുമയൂൺ കബീർ പുതിയ പാർട്ടി പ്രഖ്യാപിച്ചു

മുർഷിദാബാദിൽ ബാബറി മസ്ജിദ് മാതൃകയിലുള്ള പള്ളിക്ക് തറക്കല്ലിട്ടതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഹുമയൂൺ കബീർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ‘ജനതാ ഉന്നയന്‍ പാര്‍ട്ടി’ എന്നാണ് പുതിയ പാർട്ടിയുടെ പേര്. പശ്ചിമ ബംഗാളിലെ ഭരത്പൂർ എംഎൽഎയായ ഹുമയൂൺ കബീർ മുർഷിദാബാദിലെ ബെൽഡാംഗയിൽ നടന്ന പൊതുസമ്മേളനത്തിലാണ് തന്റെ പുതിയ പാർട്ടിയായ ‘ജനതാ ഉന്നയന്‍ പാര്‍ട്ടി’ പ്രഖ്യാപിച്ചത്.

നാഷണൽ ഹെറാൾഡ് കേസ്: സോണിയ, രാഹുലിന് ഹൈക്കോടതി നോട്ടീസ്

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമടക്കമുള്ള എതിർകക്ഷികൾക്ക് ദില്ലി ഹൈക്കോടതി നോട്ടീസയച്ചു. സ്റ്റേ ആവശ്യത്തിൽ ഉൾപ്പെടെ മറുപടി സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശം. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതി നടപടിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അപ്പീലിലാണ് ദില്ലി ഹൈക്കോടതിയുടെ നടപടി.

നാവികസേന രഹസ്യ ഡേറ്റ ചോർത്തൽ: ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

നാവികസേനയുടെ രഹസ്യ ഡേറ്റകൾ വിദേശത്തെ അനധികൃത സ്ഥാപനങ്ങൾക്ക് ചോർത്തി നൽകിയതുമായി ബന്ധപ്പെട്ട് ഗുജറാത്ത് സ്വദേശിയെ അറസ്റ്റുചെയ്തു. 34-കാരനായ ഹിരേന്ദ്ര കുമാറാണ് അറസ്റ്റിലായത്. ഗുജറാത്തിലെ ആനന്ദ് താലൂക്കിൽനിന്ന് ഉഡുപ്പി പോലീസാണ് ഇയാളെ പിടികൂടിയത്.

ഉത്തരാഖണ്ഡ് സ്കൂളുകളിൽ ഭഗവദ്ഗീത പാരായണം നിർബന്ധമാക്കി

ഉത്തരാഖണ്ഡിലെ വിദ്യാലയങ്ങളിൽ ഭഗവദ്ഗീത പാരായണം ചെയ്യുന്നത് നിർബന്ധമാക്കിയെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. ഇന്ത്യൻ സംസ്കാരം, ധാർമിക മൂല്യങ്ങൾ, ജീവിത തത്ത്വചിന്ത എന്നിവയുമായി വിദ്യാർത്ഥികളെ ബന്ധിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

ബംഗ്ലാദേശ് ഹൈക്കമ്മീഷൻ കോൺസുലാർ സേവനങ്ങൾ നിർത്തിവച്ചു

കോൺസുലാർ, വിസ സേവനങ്ങൾ നിർത്തിവച്ച് ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ. ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് അസിസ്റ്റന്റ് ഹൈക്കമ്മീഷനിൽ നിന്നുള്ള വിസ സർവീസ് ഒരറിയിപ്പുണ്ടാകുന്നത് വരെ നിർത്തി വയ്ക്കാൻ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണിത്. ബംഗ്ലാദേശിലെ യുവ നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തെ തുടർന്നുണ്ടായ കലാപത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണതിന് പിന്നാലെയാണിത്.

മോസ്കോയിൽ കാർ ബോംബ് സ്ഫോടനത്തിൽ റഷ്യൻ ജനറൽ കൊല്ലപ്പെട്ടു

റഷ്യയിലെ മോസ്കോയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ റഷ്യൻ ജനറൽ കൊല്ലപ്പെട്ടു. കാറിന് അടിയിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് ലഫ്.ജനറൽ ഫാനിൽ സർവറോവാണ് കൊല്ലപ്പെട്ടത്. റഷ്യൻ തലസ്ഥാനത്ത് ഒരു വർഷത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ മുതിർന്ന സൈനിക ഉദ്യോഗസ്ഥനാണ് ഫാനിൽ സർവറോവ്. സായുധ സേനയുടെ പരിശീലന വിഭാഗത്തിന്റെ ചുമതലയിലുള്ള ഉദ്യോഗസ്ഥനായിരുന്നു 56കാരനായ ഫാനിൽ സർവറോവ്. യുക്രൈൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് ഫാനിൽ സർവറോവിന്റെ കാറിൽ ബോംബ് വച്ചതെന്നാണ് റഷ്യ ആരോപിക്കുന്നത്.

2025ൽ ഒരു ലക്ഷം കോടി മാർക്കറ്റ് ക്യാപ് കമ്പനികൾ 110 ആയി

2025ൽ ഇന്ത്യൻ ഓഹരി വിപണിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നിട്ടും ഒരു ലക്ഷം കോടി രൂപയിലധികം വിപണി മൂല്യമുള്ള കമ്പനികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തി. നിലവിൽ ഏകദേശം 110 കമ്പനികളാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇത് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള മൊത്തം കമ്പനികളുടെ വിപണി മൂല്യത്തിന്റെ 62 ശതമാനത്തോളം വരും. 2024-ൽ ഇത്തരത്തിൽ 97 കമ്പനികളാണ് ഉണ്ടായിരുന്നത്. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (20.89 ലക്ഷം കോടി) തന്റെ സ്ഥാനം നിലനിർത്തി. തൊട്ടുപിന്നാലെ എച്ച്ഡിഎഫ്സി ബാങ്ക് (15.07 ലക്ഷം കോടി), ഭാരതി എയർടെൽ (12.75 ലക്ഷം കോടി) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഈ വർഷം പുതുതായി ഓഹരി വിപണിയിൽ എത്തിയ എൽജി ഇലക്ട്രോണിക്സ്, ടാറ്റ ക്യാപിറ്റൽ, ഗ്രോ, മീഷോ എന്നീ കമ്പനികൾ ഈ പട്ടികയിൽ ഇടംപിടിച്ചു. കൂടാതെ, മുമ്പ് ലിസ്റ്റ് ചെയ്തിരുന്ന മുത്തൂറ്റ് ഫിനാൻസ്, കാനറ ബാങ്ക്, വോഡഫോൺ ഐഡിയ, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, ബിഎസ്ഇ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് തുടങ്ങിയ കമ്പനികളും 2025-ൽ ഒരു ലക്ഷം കോടി ക്ലബ്ബിൽ അംഗങ്ങളായി. 2019ൽ വെറും 29 കമ്പനികൾ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ 110 കമ്പനികൾ എത്തിനിൽക്കുന്നത്.

വിജയ്യുടെ ‘ജനനായകൻ’ രണ്ടാം ഗാനം റിലീസ്

വിജയ്യുടെ അവസാന അഭിനയചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷകളോടെ റിലീസിനൊരുങ്ങുന്ന ‘ജനനായകൻ’ എന്ന സിനിമയിലെ രണ്ടാം ഗാനം പുറത്തുവിട്ടു. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ‘ഒരു പേരെ വരലാറ്’ എന്ന ഗാനം വിശാൽ മിശ്ര, അനിരുദ്ധ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. വിവേകാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ആദ്യ സിംഗിളായ ദളപതി കച്ചേരിയ്ക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെയാണ് രണ്ടാം ഗാനം പ്രേക്ഷകരിലെത്തിയത്. ജനങ്ങളുടെ നേതാവെന്ന നിലയിലും പോലീസ് ഓഫീസർ എന്ന നിലയിലും വിജയ്യുടെ മാസ്സ് എലമെന്റുകളും രാഷ്ട്രീയ ടച്ചും നിറഞ്ഞ ഗാനത്തിലെ ദൃശ്യങ്ങൾ ആരാധകരെ ആവേശത്തിലാഴ്ത്തുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം 2026 ജനുവരി 9ന്, പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും. വിജയ്യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രം എന്ന പ്രത്യേകത കൂടി ഉള്ളതിനാൽ ‘ജന നായകൻ’ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന വമ്പൻ റിലീസാണ്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു.

‘ധുരന്ദർ’ ‘അനിമൽ’ കളക്ഷൻ മറികടന്നു

രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ‘അനിമൽ’ ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷനെ ‘ധുരന്ദർ’ മറികടന്നു. ഇന്ത്യൻ ബോക്സ് ഓഫീസിൽ അനിമലിന്റെ ലൈഫ് ടൈം കളക്ഷൻ 553 കോടി രൂപയായിരുന്നു. എന്നാൽ ധുരന്ദർ 666.75 കോടി രൂപയും നേടി. രൺവീർ സിംഗ് നായകനായി വന്ന ചിത്രമാണ് ‘ധുരന്ദർ’. ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണിത്. സിനിമയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു. ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണായക വേഷങ്ങളിലെത്തുന്നു. ബജറ്റ് 280 കോടിയാണ്. ഓപ്പണിംഗിൽ ധുരന്ദർ ആഗോളതലത്തിൽ 32.5 കോടി നെറ്റ് നേടിയിരുന്നു. എന്നാൽ പിന്നീട് വൻ കുതിപ്പാണ് ചിത്രം നേടിയത്. പതിനേഴാം ദിവസം ചിത്രം 38.5 കോടിയാണ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ആഗോള ബോക്സ് ഓഫീസിൽ 852.75 കോടി ആകെ നേടിയിട്ടുണ്ട്.

ഏഥർ എനർജി ഇലക്ട്രിക് സ്കൂട്ടറുകളുടെ വില വർധിപ്പിച്ചു

പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ എനർജി ഇലക്ട്രിക് സ്കൂട്ടറുകളുടെ വില വർധിപ്പിച്ചു. ജനുവരി ഒന്നുമുതൽ വില വർധന പ്രാബല്യത്തിൽ വരും. റിസ്ത കുടുംബത്തിൽ ഉൾപ്പെടുന്ന വാഹനങ്ങളും 450 സീരീസ് വാഹനങ്ങളുമാണ് ഏഥർ വിൽക്കുന്നത്. ഇലക്ട്രിക് സ്കൂട്ടർ പോർട്ട്ഫോളിയോയിലുള്ള എല്ലാ വാഹനങ്ങൾക്കും വില വർധന ബാധകമാണ്. മോഡലിനെ ആശ്രയിച്ച് വില വർധന 3000 രൂപ വരെ വരാം. അസംസ്കൃത വസ്തുക്കളുടെ ആഗോള വിലയിലെ വർധന, വിദേശനാണ്യത്തിലെ ഏറ്റക്കുറച്ചിലുകൾ, പ്രധാന ഇലക്ട്രോണിക് ഘടകങ്ങളുടെ വിലയിലെ വർധന എന്നിവയാണ് വില കൂട്ടാന്‍ കാരണമെന്ന് ഏഥർ എനർജി അറിയിച്ചു. വർഷാവസാന ഓഫറിന്റെ ഭാഗമായി ഏഥർ തെരഞ്ഞെടുത്ത നഗരങ്ങളിൽ 20,000 രൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് ഇഎംഐകളിൽ ഇൻസ്റ്റന്റ് കിഴിവുകൾ, ക്യാഷ് ഇൻസെന്റീവുകൾ, തെരഞ്ഞെടുത്ത മോഡലുകളിൽ എട്ട് വർഷത്തെ വിപുലീകൃത ബാറ്ററി വാറന്റി, ഒന്നിലധികം വായ്പാ ദാതാക്കൾ വഴിയുള്ള ധനസഹായം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ആന്റി-ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗം പ്രമേഹ സാധ്യത വർധിപ്പിക്കുമെന്ന് പഠനം

ദിവസത്തിൽ രണ്ട് തവണയിൽ കൂടുതൽ ആന്റി-ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. സാൻ ജുവാൻ ഓവർവെയ്റ്റ് അഡൽറ്റ്സ് ലോഞ്ചിറ്റിയൂഡിനൽ സ്റ്റഡിയിൽ 40 മുതൽ 65 വയസുവരെ പ്രായമായ 945 പേരാണ് ഭാഗമായത്. ദിവസവും രണ്ടു തവണയോ അതിൽ കൂടുതലോ മൗത്ത് വാഷ് ഉപയോഗിക്കുന്നത് പ്രമേഹത്തിനോ പ്രീ-ഡയബറ്റിസ് അവസ്ഥയോ ഉണ്ടാകാനുള്ള സാധ്യത 49 ശതമാനം മുതൽ 55 ശതമാനം വരെ കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി. പ്രായം, പുകവലി, വ്യായാമം, ഭക്ഷണക്രമം തുടങ്ങിയ മറ്റ് ഘടകങ്ങൾ പരിഗണിച്ച ശേഷവും ഈ അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്ന് ഗവേഷകർ വിശദീകരിക്കുന്നു. അതേസമയം, ദിവസത്തിൽ ഒരിക്കൽ മാത്രം ഉപയോഗിക്കുന്നവരിൽ താരതമ്യേന ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയില്ലെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. നമ്മുടെ വായയിൽ നൂറുകണക്കിന് ബാക്ടീരിയകളുണ്ട്. ഇതിൽ നല്ല ബാക്ടീരിയകളും ഉൾപ്പെടുന്നു. ആന്റിബാക്ടീരിയൽ മൗത്ത് വാഷുകൾ ഉപയോഗിക്കുമ്പോൾ അവ ദോഷകരമായ ബാക്ടീരിയകൾക്കൊപ്പം ഈ നല്ല ബാക്ടീരിയകളെയും നശിപ്പിക്കുന്നു. ഇത് ഇൻസുലിൻ പ്രതിരോധത്തിനും ടൈപ്പ് 2 പ്രമേഹത്തിനും കാരണമായേക്കാമെന്നും ഗവേഷകർ പറയുന്നു. വായ്നാറ്റം, മോണരോഗം എന്നിവയുള്ളവർക്ക് മൗത്ത് വാഷ് ഗുണകരമാണ്. രക്തസമ്മർദമോ പ്രമേഹമോ ഉള്ളവർ ആന്റിബാക്ടീരിയൽ മൗത്ത് വാഷുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണം. ദിവസവും രണ്ടുനേരം പല്ല് തേക്കുന്നതും കൃത്യമായ ഇടവേളകളിൽ ഡെന്റിസ്റ്റിനെ കാണുന്നതുമാണ് വായുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച വഴി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here